സിനിമ ഇറങ്ങുന്നതിനു മുമ്പേ ഡിഗ്രേഡിംഗ് തുടങ്ങി!കമന്റുകള്‍ പാക്കിസ്ഥാനില്‍ നിന്ന് വരെ, നായകനായ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു

കെ ആര്‍ അനൂപ്

വെള്ളി, 5 ഓഗസ്റ്റ് 2022 (11:05 IST)
കേരളത്തില്‍ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദര്‍ശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതല്‍ വിദേശ പ്രൊഫൈലുകളില്‍ നിന്നുമുള്ള സൈബര്‍ ആക്രമണമെന്ന് നായകന്‍ കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണന്‍.
 
വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ 
 
ഡിഗ്രേഡിംഗ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്... കേരളത്തില്‍ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദര്‍ശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതല്‍ വിദേശ പ്രൊഫൈലുകളില്‍ നിന്നുമുള്ള സൈബര്‍ ആക്രമണം. പാക്കിസ്ഥാനില്‍ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകള്‍ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കില്‍ കൂടി ഇത് തിയേറ്ററില്‍ ആളെ കയറ്റാതിരിക്കാന്‍ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷന്‍ പരിപാടികളിലൂടെയും കുടുംബങ്ങള്‍ക്ക് ഇടയില്‍ പോലും തിയേറ്ററില്‍ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയര്‍ന്ന് നില്‍ക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയര്‍ന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകള്‍ കഴിയുമ്പോള്‍ യഥാര്‍ത്ഥ പ്രേക്ഷകരുടെ കമന്റുകള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകര്‍ക്കുന്നതിലുപരി തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങള്‍ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോള്‍ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റര്‍ വ്യവസായങ്ങള്‍ ഒട്ടേറെ പേരുടെ അന്നമാണ്. 
നമുക്ക് നില്‍ക്കാം നല്ല സിനിമകള്‍ക്കൊപ്പം..
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍