രവി ശാസ്ത്രി അമൃത സിങ്ങിനെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത കാട്ടുതീ പോലെ പ്രചരിച്ചു; ഒടുവില്‍ ട്വിസ്റ്റ് ! അമൃതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് സെയ്ഫ് അലി ഖാന്‍

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (15:27 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗമായിരുന്ന സമയത്താണ് രവി ശാസ്ത്രി വലിയ വാര്‍ത്താകേന്ദ്രമായത്. സ്ത്രീ വിഷയങ്ങളിലായിരുന്നു ശാസ്ത്രി കൂടുതലും പ്രതിരോധത്തിലായത്. 
 
എണ്‍പതുകളിലാണ് ശാസ്ത്രിയുടെ സുവര്‍ണ കാലം. ഇന്ത്യന്‍ ടീമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന താരമായിരുന്നു രവി ശാസ്ത്രി. അക്കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന ഒരു നടിയുമായി രവി ശാസ്ത്രി പ്രണയത്തിലായി. പില്‍ക്കാലത്ത് സെയ്ഫ് അലി ഖാന്റെ ജീവിതപങ്കാളിയായ നടി അമൃത സിങ് ആയിരുന്നു അത്. 
 
രവി ശാസ്ത്രിയും അമൃത സിങ്ങും അടുപ്പത്തിലാണെന്ന് ആ സമയത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇരുവരും പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയില്ല. ആ സമയത്താണ് വളരെ പ്രചാരത്തിലുള്ള ഒരു മാഗസിനിന്റെ കവര്‍ ചിത്രമായി ഇരുവരും പ്രത്യക്ഷപ്പെടുന്നത്. രവി ശാസ്ത്രിയും അമൃത സിങ്ങും ഒന്നിച്ചുള്ള കവര്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആലോചിക്കുകയാണെന്നും താരങ്ങള്‍ തന്നെ പരോക്ഷമായി വെളിപ്പെടുത്തി. 
 
അധികം താമസിയാതെ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. എന്നാല്‍, കാര്യങ്ങള്‍ വിവാഹം വരെ എത്തിയില്ല. ആ ബന്ധം ഉടന്‍ തന്നെ വേര്‍പിരിഞ്ഞു. വിവാഹത്തിലേക്ക് എത്തും മുന്‍പ് തന്നെ ഇരുവരും ആ ബന്ധത്തിനു ഫുള്‍സ്റ്റോപ്പ് ഇട്ടു. താനൊരു സിനിമാ താരത്തെയല്ല ഭാര്യയായി ആഗ്രഹിക്കുന്നതെന്നും തന്റെ കുടുംബത്തിനു കൂടുതല്‍ പരിഗണന നല്‍കുന്ന ആളായിരിക്കണം പങ്കാളിയെന്ന് തനിക്ക് താല്‍പര്യമുണ്ടെന്നും രവി ശാസ്ത്രി പിന്നീട് വെളിപ്പെടുത്തി. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്ന് അമൃതയോട് രവി ആവശ്യപ്പെടുകയും താരം ഇത് നിഷേധിക്കുകയും ചെയ്തതാണ് ഇരുവരും വേര്‍പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും രവി ശാസ്ത്രിയെ വിവാഹം കഴിച്ചാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം താനൊരു വീട്ടമ്മയായി ഒതുങ്ങേണ്ടിവരുമെന്നും അമൃത പേടിച്ചിരുന്നു. 
 
രവി ശാസ്ത്രിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് അമൃത സിങ് സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാകുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും. പിന്നീട് സെയ്ഫും അമൃതയും വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചനം നേടുകയും ചെയ്തു.  
 
സെയ്ഫ് അലി ഖാന്‍-അമൃത സിങ് വിവാഹം
 
വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച താരമാണ് സെയ്ഫ്. ബോളിവുഡ് നടി അമൃത സിങ്ങുമായി സെയ്ഫ് പ്രണയത്തിലായിരുന്നു. സെയ്ഫിനേക്കാള്‍ 12 വയസ് കൂടുതലാണ് അമൃത സിങ്ങിന്. അമൃതയുമായുള്ള ബന്ധത്തെ സെയ്ഫിന്റെ കുടുംബം ആദ്യം എതിര്‍ത്തു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം തന്നെയാണ് അതിനു കാരണം. ഒടുവില്‍ വളരെ രഹസ്യമായി ഇരുവരും വിവാഹിതരായി. സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരാണ് സെയ്ഫിന്റെയും അമൃതയുടെയും മക്കള്‍. 
 
സെയ്ഫ്-അമൃത ബന്ധത്തിനു 12 വര്‍ഷം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. പങ്കാളികള്‍ എന്ന നിലയില്‍ ഒന്നിച്ചുപോകാന്‍ സാധിക്കാതെ വന്നതോടെ ബന്ധം വേര്‍പ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. 
 
അമൃത സിങ്ങുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ സെയ്ഫ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം താരസുന്ദരി കരീന കപൂറിനെ വിവാഹം കഴിച്ചു. ഷാഹിദ് കപൂറുമായുള്ള പ്രണയബന്ധം തകര്‍ന്നിരിക്കുന്ന സമയത്താണ് കരീനയുടെ ജീവിതത്തിലേക്ക് സെയ്ഫ് എത്തുന്നത്. കരീനയും സെയ്ഫും വളരെ പെട്ടന്ന് അടുത്തു. നല്ല സുഹൃത്തുക്കളായി. 2007 മുതല്‍ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. 2012 വരെ ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. 2012 ഒക്ടോബര്‍ 16 നായിരുന്നു വിവാഹം. സെയ്ഫ് അലി ഖാനേക്കാള്‍ 11 വയസ് കുറവാണ് കരീന കപൂറിന്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സെയ്ഫിനെ വിവാഹം കഴിക്കാന്‍ കരീന തീരുമാനിക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ട് മക്കളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article