ബോളിവുഡ് ചിത്രം ഛാവയുടെ വിജയത്തിളക്കത്തിലാണ് നടി രശ്മിക മന്ദാന. 550 കോടിക്കടുത്ത് കളക്ഷന്‍ ഛാവ തിയേറ്ററുകളില്‍ നിന്നും നേടിക്കഴിഞ്ഞു. കരിയറിൽ മികച്ച ഫോമിലാണ് നടി. ബോളിവുഡിലെ ആദ്യ ചിത്രമായ അനിമൽ, പുഷ്പ 2 എന്നിവയെല്ലാം കോടികളാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. ഇതിനിടെ തന്റെ സഹോദരിയെ കുറിച്ച് രശ്മിക പങ്കുവച്ച കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
നടി നേഹ ധൂപിയയുടെ നോ ഫില്‍ട്ടര്‍ വിത്ത് നേഹ എന്ന പരിപാടിയിലാണ് തന്റെ കുടുംബത്തെ കുറിച്ച് രശ്മിക സംസാരിച്ചത്. തന്നേക്കാള്‍ 16 വയസ് പ്രായവ്യത്യാസമുള്ള അനിയത്തിയെ കുറിച്ചാണ് രശ്മിക സംസാരിച്ചിരിക്കുന്നത്. അനുജത്തിക്ക് താൻ അമ്മയെ പോലെയാണെന്നും താൻ സിനിമയിൽ ആയതിനാൽ അവൾക്ക് ആവശ്യമുള്ളതെല്ലാം ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും രശ്‌മിക പറഞ്ഞു.
'എനിക്ക് 10 വയസുള്ള ഒരു സഹോദരിയുണ്ട്, ഞങ്ങള്‍ തമ്മില്‍ 16 വയസിന്റെ വ്യത്യാസമുണ്ട്. ഒരു നിശ്ചിത സമയം വരെ ഞാന്‍ അവളെ മൂത്ത സഹോദരിയെ പോലെയല്ല അമ്മയെ പോലെയാണ് വളര്‍ത്തിയത്. ഞാന്‍ സിനിമയിലായതിനാല്‍ എന്റെ സഹോദരിക്ക് ആവശ്യമുള്ളതെല്ലാം ഇപ്പോള്‍ ലഭിക്കും. പക്ഷേ അവള്‍ ആഗ്രഹിക്കുന്നതെല്ലാം എളുപ്പത്തില്‍ ലഭിക്കരുത് എന്നാണ് മാതാപിതാക്കള്‍ പറയുക. കാരണം കഷ്ടപ്പാട് അറിഞ്ഞ് വളര്‍ന്നത് കൊണ്ട് പണത്തിന്റെ മൂല്യം എന്താണെന്ന് എനിക്കറിയാം. കാര്യങ്ങള്‍ എളുപ്പം സാധിക്കുകയാണെങ്കില്‍ അനിയത്തിക്ക് സ്വയം അധ്വാനിച്ച് ജീവിക്കുന്നതിനുള്ള പ്രാപ്തി ഉണ്ടാവില്ല', എന്നാണ് രശ്മിക പറയുന്നത്.
ഷിമന്‍ എന്നാണ് രശ്മികയുടെ സഹോദരിയുടെ പേര്. കര്‍ണാടകത്തിലെ വളരെ സാധാരണക്കാരുടെ കുടുംബത്തിലാണ് നടി രശ്മിക മന്ദാന ജനിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന കുടുംബമായിരുന്നെന്ന് നടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വീട് ഇല്ലാത്തതിനാല്‍ താമസിച്ചതൊക്കെ വാടകയ്ക്ക് ആയിരുന്നുവെന്നും വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നുവെന്നും നടി പറഞ്ഞിരുന്നു.