മൈഡിയര്‍ കുട്ടി ചാത്തന്‍ എന്ന ചിത്രത്തിന്റെ സഹസംവിധായകനായും ടെലിഫിലിമുകള്‍ ചെയ്തും ശ്രദ്ധേയനായ സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ ആദ്യ ചിത്രം കമൽഹാസൻ നായകനായ ചാണക്യൻ ആണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. 27 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്തകൾ വന്നിരുന്നു. കൂടാതെ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചിരുന്നു. എന്നാൽ സബാഷ് നായിഡു എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.
സംവിധായകന് ചിത്രീകരണത്തിനിടെ അസുഖം ബാധിച്ചതിനാൽ ചിത്രത്തിന്റെ സംവിധാനം താൻ ഏറ്റെടുക്കുകയാണെന്ന് കമൽഹാസൻ അറിയിച്ചിരുന്നു. ചിത്രീകരണം തുടങ്ങി കുറച്ചു ദിവസത്തിനകം തന്നെ രാജീവ് രോഗബാധിതനാവുകയായിരുന്നു. അദ്ദേഹം എത്രയും വേഗം തിരിച്ചു വരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. സംവിധാനം താരം ഏറ്റെടുത്തെങ്കിലും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് സിനിമ ഇനിയും വൈകിയേക്കും. കാരണം മറ്റൊന്നുമല്ല, ചെന്നൈയിലെ ഓഫീസ് മുറിയിൽ കാൽ തെന്നി വീണ് വിശ്രമത്തിലാണ് കമൽഹാസനിപ്പോൾ. അതിനാൽ ചിത്രത്തിന്റെ ഷൂട്ടിംങ്ങ് എന്ന് പുനഃരാരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.