പുലിമുരുകന്റെ വ്യാജപതിപ്പ് ഇന്റ‌ർനെറ്റി‌ൽ

ശനി, 5 നവം‌ബര്‍ 2016 (10:52 IST)
മികച്ച കളക്ഷനോടുകൂടി തീയേറ്ററിൽ ജൈത്രയാത്ര തുടരുന്ന വൈശാഖ് ചിത്രം പുലിമുരുകന്റെ വ്യാജപതിപ്പ് ഇന്റ‌ർനെറ്റിൽ. കഴിഞ്ഞ ദിവസമാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. നാലോളം സൈറ്റുകളിലൂടെയാണ് ചിത്രം പ്രചരിച്ചത്. പിന്നീട് സൈബർസെൽ ഇടപെട്ട് ചിത്രം ഇന്റ‌ർനെ‌റ്റിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു.
 
നേരത്തേ ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. അന്ന് ഇതിനെതിരെ സംവിധായകൻ വൈശാഖ് രംഗത്തെത്തിയിരുന്നു. ഇത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും ഇത്തരം പ്രചരണങ്ങൾ തികച്ചും വേദനാജനകമായ പ്രവൃത്തി ആണെന്നുമായിരുന്നു വൈശാഖ് പ്രതികരിച്ചത്. 
 
ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ നേടിയ ചിത്രമാണ് പുലിമുരുകന്‍. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് തിയേറ്ററുകളില്‍ മുന്നേറുന്നത്. റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോഴും കേരളത്തിലെ ഹൗസ്ഫുള്‍ ഷോകളാണ് നടക്കുന്നത്. പലയിടത്തും ഇപ്പോഴും ടിക്കറ്റ് കിട്ടാതെ അടുത്ത ഷോയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരുണ്ട്.
 

വെബ്ദുനിയ വായിക്കുക