വിജയ് - ലാൽ ഫാൻസ് തമ്മിലടി; ലാലേട്ടനെ അവഹേളിച്ചാൽ കേട്ടുകൊണ്ടിരിക്കില്ലെന്ന് ഫാൻസ് അസോസിയേഷൻ

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (15:53 IST)
ദളപതി വിജയ് ചിത്രം ബിഗിൽ കേരളത്തിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മോഹൻലാൽ - വിജയ് ഫാൻസ് തമ്മിൽ ബഹളം. ഇതരഭാഷാ സിനിമകള്‍ മലയാളത്തില്‍ 125 തിയറ്ററുകളില്‍ റിലീസ് ചെയ്താല്‍ മതിയെന്ന തീരുമാനത്തിനു പിന്നിൽ ആന്റണി പെരുമ്പാവൂർ ആണെന്നും മോഹൻലാൽ സിനിമകൾക്ക് മാത്രം കൂടുതൽ കളക്ഷൻ ലഭിച്ചാൽ മതിയെന്ന കുരുട്ടുബുദ്ധിയാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് ആരോപിച്ചാണ് വിജയ് ഫാൻസ് ലാലിനെതിരെ തിരിഞ്ഞിരിക്കുന്നത്.  
 
എന്നാല്‍ മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളും ബാലിശമാണെന്നും അന്യഭാഷാ റിലീസുകള്‍ 125 തിയറ്ററുകളില്‍ മതിയെന്ന് തീരുമാനിച്ചത് വിതരണക്കാരുടെ സംഘടനയാണെന്നും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പറയുന്നു. തങ്ങളുടെ ഇഷ്ടതാരത്തെ അവഹേളിക്കാനാണ് തീരുമാനമെങ്കിൽ കൈയ്യും കെട്ടി നോക്കി ഇരിക്കില്ലെന്നും ഇവർ പറയുന്നു.  
 
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വിമല്‍കുമാറിന്റെ കുറിപ്പ്
 
അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ 125 തീയേറ്ററുകളില്‍ പാടുള്ളൂ എന്നുള്ളത് കാലാകാലങ്ങളായി അന്യ ഭാഷാ ചിത്രങ്ങള്‍ വിതരണത്തിന് എടുക്കുന്ന കേരളത്തിലെ വിതരണക്കാരുടെ സംഘടന കൂടിയാണ്. ഇതില്‍ പലരും മലയാള സിനിമയുടെ നിര്‍മ്മാതാക്കള്‍ കൂടിയാണ്. ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ ഉള്ള കാരണം ഒരു മലയാള സിനിമ നിര്‍മ്മിക്കാനുള്ള ബജറ്റിന്റെ അത്രയും തുകയ്ക്ക് ഒരു അന്യഭാഷാ സിനിമ വിതരണത്തിന് എടുക്കുന്നു. കുറേയധികം കാലങ്ങളായി അന്യഭാഷാ സിനിമകളുടെ നിര്‍മ്മാതാക്കള്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയെ ചൂഷണം ചെയ്യുകയായിരുന്നു. 
 
പല പ്രലോഭനങ്ങളും നടത്തി ഒരു സിനിമ വന്‍ തുകയ്ക്ക് വിതരണാവകാശം കൊടുത്തിട്ട് ആ സിനിമയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ ആ നിര്‍മ്മാതാവിന്റെ അടുത്ത സിനിമ കൊടുത്തു കൊള്ളാമെന്ന് വാക്കാലുള്ള ഉറപ്പുകളും നല്‍കിയിട്ട് കടക വിരുദ്ധമായി ആ കുഴപ്പം സംഭവിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വേറെ ബിനാമി പേരുകളില്‍ സിനിമ നിര്‍മ്മിച്ച് മലയാള സിനിമയുടെ നിര്‍മ്മാതാക്കളേയും വിതരണക്കാരേയും കബളിപ്പിക്കുന്നു. ഇത്തരം കബളിപ്പിക്കപ്പെട്ട ആള്‍ക്കാര്‍ കേരളത്തിലെ വിതരണക്കാരുടെയും നിര്‍മ്മാതാക്കളേയും സംഘടനകളെ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയത് കൂട്ടായി എടുത്ത തീരുമാനം ആണ് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നീ സംഘടന.
 
അന്യഭാഷാ ചലച്ചിത്രങ്ങള്‍ വന്‍ തുകകള്‍ കൊടുത്തു കേരളാ വിതരണം എടുക്കാന്‍ പാടില്ല, അതിന്റെ ഫലമായിട്ടാണ് 125 തീയേറ്ററുകളായി ചുരുങ്ങിയത്. ഇതില്‍ പ്രധാനമായും ഈ തീരുമാനം എടുക്കാന്‍ ബലമായ കാരണം അവരുടെ മുന്നില്‍ ഉണ്ടായിരുന്നു. അത് വേറെ ഒന്നുമല്ല, യന്തിരന്‍ 2.0 എന്ന് പറയുന്ന സിനിമ മുളക്പാടം ഫിലിംസ് 12 കോടിക്ക് കേരള വിതരണാവകാശം നേടി. ആ സിനിമ കേരളം മുഴുവന്‍ പ്രദര്‍ശിപ്പിച്ചിട്ടും 2 കോടിയാണ് നേടാന്‍ പറ്റിയത്. സമാനമായ അവസ്ഥ ആയിരുന്നു പല അന്യഭാഷാ ചിത്രങ്ങളും വിതരണത്തിന് എടുത്തവര്‍ക്ക് ഉണ്ടായത്. ആകെ ഒരു സിനിമ ഒഴിച്ച് നിര്‍ത്തിയാല്‍ എന്ന് പറയുന്നത് ബാഹുബലി മാത്രമാണ്.
 
ഈ സത്യം നിലനില്‍ക്കേ ഒരു വിഭാഗം അന്യഭാഷാ നടന്റെ ഫാന്‍സ് അസോസിയേഷന്‍ ആള്‍ക്കാര്‍ മോഹന്‍ലാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ല എന്നുളള വര്‍ത്തമാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. കൂട്ടത്തില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന് പറയുന്ന നിര്‍മ്മാതാവിനെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇടുകയും ട്രോളുകള്‍ ഇറക്കുന്നതും ബാലിശമായ കാര്യമാണ്. ഞാന്‍ നിങ്ങളെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ആണ് ഇത് നിങ്ങളോട് പറഞ്ഞത്. ഇനി ഇത്തരം നിലവാരം കുറഞ്ഞ കാര്യങ്ങള്‍ പറയാതിരിക്കുക. അതല്ല ഇനിയും അത്തരം പ്രവര്‍ത്തികള്‍ ചെയ്യുകയാണെങ്കില്‍ മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ ഇത് കേട്ട് കൊണ്ട് ഇരിക്കില്ല, പ്രതികരിക്കും. നിങ്ങള്‍ക്ക് ഇതിന്റെ യാഥാര്‍ത്ഥ്യമായ ബുദ്ധി ഉണ്ടാകും എന്ന് കരുതുന്നു. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചിട്ട് ഞങ്ങളുടെ കാലില്‍ ചങ്ങല തളക്കാന്‍ ശ്രമിക്കരുത്.
 
ദിപാവലി റിലീസായി എത്തുന്ന വിജയ് ചിത്രം ബിഗില്‍ കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത് പൃഥ്വിരാജിന്റെ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസും ചേര്‍ന്നാണ്. വിജയ് ചിത്രം ബിഗില്‍ 125 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും വൈഡ് റിലീസായി 300ല്‍ കൂടുതല്‍ തിയറ്റര്‍ വേണമെന്നുമാണ് വിജയ് ആരാധകരുടെ ആവശ്യം. ബിഗില്‍ നാനൂറ് തിയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേര്‍ കമന്റും ഇടുന്നുണ്ട്. ഇവിടെയും ലാല്‍-വിജയ് ആരാധകരുടെ പോര് നടക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍