ബോളിവുഡിലേക്ക് ഒരിക്കൽ കൂടി തന്റെ സാന്നിധ്യം അറിയിക്കാൻ തയ്യാറെടുക്കുകയാണ് മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ്. മൂന്ന് വർഷത്തിനുശേഷമാണ് പൃഥ്വി ബോളിവുഡിൽ അഭിനയിക്കുന്നത്. നിരൂപകപ്രശംസ നേടുകയും നൂറ് കോടി ക്ലബ്ബില്‍ പ്രവേശിക്കുകയും ചെയ്ത ബേബി എന്ന സിനിമയുടെ പ്രീക്വല്‍ പതിപ്പിലാണ് പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്നത്.
പൃഥ്വിയോടൊപ്പം അക്ഷയ്കുമാറും ചിത്രത്തിൽ ഉണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. അതിഥി കഥാപാത്രമായിട്ടാണ് അക്ഷയ് കുമാർ എത്തുന്നത്. ഒരു ആക്ഷൻ ത്രില്ലറാണ് പൃഥ്വിയ്ക്കായി അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. നീരജ് പാണ്ഡേയ്ക്ക് പകരം ശിവം നായരാണ് ബേബി പ്രീക്വല്‍ ഒരുക്കുന്നത്. ബോളിവുഡ് ഹംഗാമയാണ് മനോജ് വാജ്‌പേയിയും പൃഥ്വിരാജും ബേബി പ്രീക്വലില്‍ അഭിനയിക്കുന്ന കാര്യം പുറത്തുവിട്ടത്.
2012ല്‍ പുറത്തിറങ്ങിയ അയ്യ, 2013ല്‍ ഔറംഗസേബ് എന്നീ സിനിമകളാണ് പൃഥ്വിരാജ് ബോളിവുഡില്‍ ചെയ്തിരുന്നത്. ഹിന്ദിയിൽ അഭിനയിക്കാൻ കഴിഞ്ഞെങ്കിലും രണ്ടും പരാജയമായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം ഒരു ഭാഗ്യപരീക്ഷണമാണോ എന്നാണ് പാപ്പരാസികൾ നോക്കുന്നത്.