മലയാള സിനിമയിലെ പ്രമുഖ നായക നടനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതാപ് പോത്തന്‍
ബുധന്‍, 27 മെയ് 2015 (20:23 IST)
മലയാള സിനിമയില്‍ 'പത്മശ്രീ' ഉള്‍പ്പെടെ ലഭിച്ച മിമിക്രികലാകാരനായ നടനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതാപ് പോത്തന്‍. പ്രമുഖ നടന്റെ പേര് പരാമര്‍ശിക്കാതെയാണ് ഫേസ്ബുക്കിലൂടെ പ്രതാപ് പോത്തന്റെ വിമര്‍ശനം.
.'ഞാന്‍ ഒരു മിമിക്രി കലാകാരനോട് സംസാരിച്ചു എന്ന് തുടങ്ങുന്ന ഇംഗ്ലീഷില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ഗുരുതരമായ ആരോപണങ്ങളാണ് പ്രതാപ് പോത്തന്‍ നടത്തിയിരിക്കുന്നത്. തന്റെ സഹോദരന്റെ കമ്പനിയുടെ സിനിമയിലൂടെ സിനിമയില്‍ എത്തിയ ഈ നടന്‍ സഹോദരന്‍ മരിച്ചപ്പോള്‍ സന്ദര്‍ശിക്കാനോ ഒരു ആശ്വാസ സന്ദേശം അയക്കാനോ താരം കൂട്ടാക്കിയില്ലെന്ന് പറയുന്നു. ഈ താരം പിന്നീട് കുറെ സമ്പത്തൊക്കെ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹം സ്വയം ഒരു മര്‍ലിന്‍ ബ്രാന്‍ഡോ ആയെന്നാണ് കരുതുന്നതെന്നും പ്രായമായപ്പോള്‍ മിമിക്രി അല്ലാതെ തനിക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലായിട്ട് അദ്ദേഹം പത്മശ്രീ പുരസ്‌കാരം വാങ്ങിയെന്നും പ്രതാപ് പോത്തന്‍ കുറിച്ചു.
ഒരു പുസ്‌തകം പോലും ഇതുവരെ വായിക്കാത്ത ഇയാള്‍ക്ക് സൂപ്പര്‍ താരമാണെന്ന് വിചാരമുണ്ട്. പക്ഷേ കേരളത്തിലുള്ള രണ്ടു സൂപ്പര്‍ താരങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും മാത്രമാണെന്ന് പ്രതാപ് പോത്തന്‍ പറയുന്നു. താന്‍ ജീവിക്കുന്ന തന്നെ വളര്‍ത്തിയ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ കറുത്തവരും എരുമകളെ പോലെയാണെന്നും പറഞ്ഞ ആളാണ് ഇയാള്‍. ഇയാള്‍ ഒരു ആര്യനും തമിഴ്‌നാട്ടിലുള്ളവര്‍ കറുത്ത വര്‍ഗക്കാരാണെന്നുമാണ് ഇയാള്‍ കരുതുന്നത്. കറുപ്പിനും അഴകുണ്ട്, വിഡ്ഡി. നിങ്ങളെ ഒരു മനുഷ്യനാക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും ഒന്നു വായിക്കാന്‍ ശ്രമിക്കൂ. വെളുത്തിരിക്കുന്നു എന്നു വച്ച് നല്ല മനുഷ്യനാവണമെന്നില്ല ഫേസ്ബുക്കില്‍ പ്രതാപ് പോത്തന്‍ കുറിച്ചു.