പ്രണവ് മോഹൻലാൽ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്ത കാട്ടു തീ പോലെയാണ് പടർന്നത്. സോഷ്യൽ മീഡിയയും ആരാധകരും ഒരുപോലെ കാത്തിരുന്ന വാർത്തയായിരുന്നു അത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി എത്തുന്നത്.
ഇതൊരു ആക്ഷൻ മൂഡിലുള്ള ത്രില്ലർ മൂവി ആയിരിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് മനോരമ ഓൺലൈനിനോട് പറഞ്ഞു. തില്ലടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചിത്രം നിർമിക്കുക. സ്വന്തം തീരുമാനങ്ങൾക്കാണ് പ്രണവ് എപ്പോഴും മുൻതൂക്കം നൽകുന്നത്. ഇതും അതുപോലെ തന്നെയാകുമെന്നും ജീത്തും പറഞ്ഞു.
കുടുംബസുഹൃത്ത് വഴിയാണ് പ്രണവ് ചിത്രത്തിലേക്ക് കടന്നു വന്നത്. അഭിനയിക്കാൻ താൽപ്പര്യമാണെന്ന് പ്രണവും സമ്മതിച്ചു. സിനിമയെ കുറിച്ചോ പ്രണവിന്റെ കഥാപാത്രത്തെ കുറിച്ചോ കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ ആകില്ലെന്നും ജീത്തു വ്യക്തമാക്കി.