ഒരു നടൻ ആകണമെന്ന ഒടുങ്ങാത്ത മോഹം തന്നിലുണ്ടാക്കിയത് മമ്മൂട്ടി സാർ ആണ് : പ്രഭാസ്

വ്യാഴം, 1 ജൂണ്‍ 2017 (09:31 IST)
രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് പ്രഭാസ്. ബാഹുബലി ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയപ്പോൾ നിരവധി ഓഫറുകളാണ് പ്രഭാസിന്റെ തേടിയെത്തിയത്. എന്നാൽ, തനിക്കും ഒരു നടനാകണം എന്ന ആഗ്രഹം ഉണ്ടാക്കിയത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ആണെന്ന് പ്രഭാസ് പറയുന്നു.  
ഒരു നടനാവാന്‍ ആഗ്രഹിച്ചത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ദേശീയ പുരസ്‌കാരം വാങ്ങുന്നത് കണ്ടിട്ടാണെന്ന് ഒരു തെലുങ്ക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭാസ് വെളിപ്പെടുത്തിയത്. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഡോക്ടര്‍ ബാബ സാഹിബ് അംബേദ്ക്കര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1998 ല്‍ മമ്മൂട്ടിയ്ക്കായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.  
 
അന്ന് പ്രഭാസിന് വയസ്സ് 19. കൂട്ടുകാർക്കൊപ്പം അവാർഡ്ദാനച്ചടങ് കാണാൻ പ്രഭാസും ദില്ലിയിൽ എത്തി. പ്രഭാസ് ആദ്യമായി മമ്മൂട്ടിയെ നേരിട്ട് കാണുന്നത് ആ പുരസ്‌കാര ദാനചടങ്ങില്‍ വച്ചായിരുന്നു. മമ്മൂട്ടിയിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങണമെന്നും സിനിമയെ കുറിച്ച് ചോദിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ലെന്ന് താരം പറയുന്നു. 
 
അന്ന് മമ്മൂട്ടി ഏകദേശം മുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിരുന്നു, അദ്ദേഹത്തെ വിളിച്ചപ്പോൾ വളരെ പ്രായമുള്ള വാര്‍ധക്യം ബാധിച്ച നടനായിരിയ്ക്കും മമ്മൂട്ടി എന്നാണ് പലരും കരുതിയിരുന്നത്. പക്ഷെ യുവത്വം തിളങ്ങി നിൽക്കുന്ന മമ്മൂട്ടിയെ കണ്ട് സദസ്യര്‍ അമ്പരന്നു. അന്ന് മമ്മൂട്ടി അവാർഡ് വാങ്ങിയപ്പോൾ സദസ്യർ ഒന്നടങ്കം എഴുന്നേറ്റു നിന്നിരുന്നു.  
 
ലോകമറിയപ്പെടുന്ന ഒരു നടനാകണമെന്ന ആഗ്രഹം തന്നിൽ ഉണ്ടാക്കിയത് ആ അവാർഡ്ദാനച്ചടങ്ങും മമ്മൂട്ടിയുമാണെന്ന് പ്രഭാസ് പറയുന്നു. 

വെബ്ദുനിയ വായിക്കുക