മമ്മൂട്ടി ചിത്രമായ പത്തേമാരിയിലെ ലാഞ്ചി വേലായുധന് മാനസിക വിഭ്രാന്തി സംഭവിക്കുന്നതായി ചിത്രീകരിച്ചതിൽ മാപ്പ് ചോദിക്കുന്നുവെന്ന് സലിം അഹമ്മദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അങ്ങനെ ചിത്രീകരിച്ചത് അദ്ദേഹത്തിന്റെ കുടുംബത്തെ മാനസികമായി തളർത്തുകയും വേദനിപ്പിക്കുകയും ചെയ്തുവെങ്കിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും സലിം വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളെ ആദ്യമായി പ്രവാസികളാക്കി മാറ്റിയ വേലായുധനെ ഭ്രാന്തനാക്കി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീട്ടുകാർ സംവിധായകനെതിരെ കേസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സലിം മാപ്പ് പറഞ്ഞത്. സിനിമ ആയതുകൊണ്ടാണ് അങ്ങനെ ചിത്രീകരിക്കേണ്ടി വന്നതെന്നും അദ്ദേഹം അറിയിച്ചു. നടൻ സിദ്ദിഖായിരുന്നു വേലായുധനായിട്ട് അഭിനയിച്ചത്.
സിനിമയിൽ അദ്ദേഹത്തെ അങ്ങനെ ചിത്രീകരിച്ചതിൽ വിയോജിപ്പ് മാത്രമായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്. കേസ് കൊടുത്തെങ്കിലും പണമൊന്നും അവർ ആവശ്യപ്പെട്ടിരുന്നില്ല. നാട്ടുകാർക്ക് വേലായുധൻ സിനിമയിലെ കഥാപാത്രം മാത്രമാണ്, എന്നാൽ വീട്ടുകാർക്ക് അങ്ങനെയല്ലോ? അവരുടെ ആവശ്യം വേലായുധന് മാനസിക വിഭ്രാന്തി വന്നിട്ടല്ല എന്ന് തുറന്ന് പറയണമെന്നതായിരുന്നുവെന്നും സംവിധായകൻ വ്യക്തമാക്കി.