'ഇത് തെറ്റായ നീക്കം, പിന്‍വലിക്കണം'; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ നടി പാര്‍വതി തിരുവോത്ത്

ചൊവ്വ, 18 മെയ് 2021 (08:33 IST)
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ ഉള്‍ക്കൊള്ളിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 500 പേരെ ഉള്‍ക്കൊള്ളിച്ച് ഒരു പൊതുപരിപാടി നടത്തുന്നത് ശരിയല്ലെന്ന് പാര്‍വതി പറഞ്ഞു. 
 
സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുന്നത് അത്ര വലിയ സംഖ്യയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തില്‍ ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് 500 പേരായി നടത്തുന്നത് തെറ്റായ തീരുമാനമാണെന്ന് പാര്‍വതി പറഞ്ഞു. 
 
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടത്താവുന്നതാണ്. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തുന്ന കാര്യം മുഖ്യമന്ത്രി ആലോചിക്കണം. പൊതു ചടങ്ങ് നടത്താനുള്ള തീരുമാനം മുഖ്യമന്ത്രി ദയവായി പിന്‍വലിക്കണമെന്നും പാര്‍വതി ആവശ്യപ്പെട്ടു. 
 
കോവിഡ് മഹാമാരിയെ നേരിടാന്‍ സര്‍ക്കാര്‍ ശക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ നീക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സത്യപ്രതിജ്ഞ ചടങ്ങ് പൊതുപരിപാടിയായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഞെട്ടിക്കുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍