സിനിമയുടെ സെറ്റില്‍ പാര്‍വതിയെ കാണാനില്ല, ജയറാം വന്ന് പൊക്കികൊണ്ടുപോയെന്ന് അസി.ഡയറക്ടര്‍; സെറ്റില്‍ പൊട്ടിച്ചിരി, ഷൂട്ടിങ് മുടങ്ങി
മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. നടി പാര്‍വതിയാണ് ജയറാമിന്റെ ഭാര്യ. ജയറാം സിനിമയിലെത്തുമ്പോള്‍ പാര്‍വതി വളരെ അറിയപ്പെടുന്ന താരമായിരുന്നു. ആദ്യ സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാന്‍ എത്തിയപ്പോള്‍ പാര്‍വതിയെ താന്‍ 'മാഡം' എന്ന് വിളിച്ചതിനെ കുറിച്ച് ജയറാം തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
1991 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആമിന ടൈലേഴ്‌സ്. പാര്‍വതിയാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അശോകന്‍, റിസബാവ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ആമിന ടൈലേഴ്‌സിന്റെ സെറ്റില്‍ പാര്‍വതിയെ കാണാന്‍ ജയറാം എത്തിയിരുന്നു.
ആമിന ടൈലേഴ്‌സിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. പാര്‍വതി, റിസബാവ, അശോകന്‍ തുടങ്ങിയ അഭിനേതാക്കള്‍ എല്ലാം ഒരുമിച്ച് ഒരു ഹോട്ടലിലാണ് താമസം. അക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ല. ജയറാം-പാര്‍വതി പ്രണയം മലയാള സിനിമയില്‍ ചര്‍ച്ചയായി വരുന്ന സമയമാണ്. ഹോട്ടലിലേക്ക് ജയറാം ഫോണ്‍ വിളിക്കും. റിസപ്ഷനില്‍ ജയറാമിന്റെ കോള്‍ എത്തുമ്പോള്‍ എല്ലാം താനാണ് ആദ്യം അറ്റന്‍ഡ് ചെയ്തിരുന്നതെന്ന് റിസബാവ പറയുന്നു. പാര്‍വതിയെ ഫോണില്‍ കിട്ടാന്‍ വേണ്ടിയാണ് ജയറാം ഇടയ്ക്കിടെ വിളിച്ചിരുന്നത്.
'ഒരിക്കല്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു പാട്ട് സീനാണ്. കുറേ കഴിഞ്ഞ് നോക്കിയപ്പോള്‍ ഷോട്ട് എടുക്കുന്നില്ല. അപ്പോള്‍ ഞാന്‍ എന്താ സംഭവം എന്ന് ചോദിച്ചു. മാഡത്തിനു (പാര്‍വതി) റൂം വരെ പോകേണ്ട ആവശ്യമുണ്ട് എന്ന് ആരോ പറഞ്ഞു. 'ആയിക്കോട്ടെ' എന്നു ഞാനും മറുപടി നല്‍കി. കുറേ സമയം കഴിഞ്ഞിട്ടും പാര്‍വതി തിരിച്ചുവരുന്നത് കാണുന്നില്ല. അപ്പോള്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വന്നിട്ട് പറഞ്ഞു 'അവിടെ ജയറാം വന്നിട്ടുണ്ട്. ജയറാം പാര്‍വതിയെ പൊക്കികൊണ്ടു പോയിരിക്കാ..' എന്ന്. പക്ഷേ, ആര്‍ക്കും അതിലൊന്നും പരാതിയുണ്ടായിരുന്നില്ല. സംവിധായകന്‍ സാജന്‍ വരെ ഈ സംഭവത്തെ വളരെ കൗതുകത്തോടെയാണ് അന്ന് കണ്ടത്,' റിസബാവ ചിരിച്ചുകൊണ്ട് പറഞ്ഞു.