നമ്പര്‍ 20 മദ്രാസ് മെയിലില്‍ അഭിനയിക്കാനില്ലെന്ന് മമ്മൂട്ടി; മോഹന്‍ലാല്‍ സ്‌കോര്‍ ചെയ്താലോ എന്ന പേടി, ഒടുവില്‍ ഇച്ചാക്കയെ വിളിച്ച് ലാല്‍

തിങ്കള്‍, 11 ഏപ്രില്‍ 2022 (10:39 IST)
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ആരാധകര്‍ തമ്മിലടിക്കുമ്പോഴും ഇരു താരങ്ങളും തമ്മിലുള്ള സൗഹൃദം വളരെ ഊഷ്മളമാണ്. ഒരേ ഇന്‍ഡസ്ട്രിയിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ആയിട്ടും മമ്മൂട്ടിയും മോഹന്‍ലാലും ആദ്യകാലത്ത് 50 ല്‍ അധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏറെ ആഘോഷിക്കപ്പെട്ട സിനിമയാണ് ജോഷി സംവിധാനം ചെയ്ത 'നമ്പര്‍ 20 മദ്രാസ് മെയില്‍'. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രത്തിനും വളരെ പ്രസക്തിയുണ്ടായിരുന്നു.
 
നമ്പര്‍ 20: മദ്രാസ് മെയിലിലേക്ക് മമ്മൂട്ടിയെ വിളിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ നന്നായിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടിയാണ് പഴയൊരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
 
'മമ്മൂട്ടിയുടെ അടുത്തു പോയി താന്‍ കഥ പറഞ്ഞതിനെ കുറിച്ചും വാസുദേവന്‍ ഗോവിന്ദന്‍കുട്ടി വിവരിക്കുന്നു. ' ഞാന്‍ മമ്മൂക്കയോട് കഥ പറഞ്ഞു. താന്‍ മറ്റവന്റെ ആളല്ലേ? അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ ? എന്നൊക്കെ മമ്മൂക്ക എന്നോട് ചോദിച്ചു. ഞാന്‍ മോഹന്‍ലാലിന്റെ ആളാണ് എന്നു പറഞ്ഞായിരുന്നു മമ്മൂക്കയുടെ ആ ചോദ്യം. അങ്ങനെയല്ല, നല്ല കഥാപാത്രമാണ് എന്നെല്ലാം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ജോഷിയും വിളിച്ച് മമ്മൂക്കയോട് സംസാരിച്ചു. വിളിച്ചുവരുത്തി തരംതാഴ്ത്തി കളയരുത് എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. നല്ല ക്യാരക്ടറാണ്, മമ്മൂക്ക ചെയ്യണം എന്നു പറഞ്ഞ് ഒടുവില്‍ ലാലും വിളിച്ചു. തിരക്കഥ വായിച്ച ശേഷമാണ് മമ്മൂക്ക ഓക്കെ പറഞ്ഞത്. സിനിമയുടെ സെറ്റില്‍ മമ്മൂക്കയും ലാലും വളരെ ജോളി ആയിരുന്നു,' വാസുദേവന്‍ പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍