മമ്മൂട്ടി വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല, മെഗാസ്റ്റാറിന് ഓണച്ചിത്രമില്ല; ഗാനഗന്ധര്‍വ്വന് സംഭവിച്ചതെന്ത്? ആരാധകര്‍ കടുത്ത നിരാശയില്‍

ശനി, 29 ജൂണ്‍ 2019 (16:14 IST)
ഓണം മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷക്കാലമാണ്. വലിയ കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി വിജയം വരിക്കുന്ന സമയം. കേരളത്തിലെ കുടുംബങ്ങള്‍ തിയേറ്ററുകളില്‍ തിരക്കുകൂട്ടുന്ന സമയം. ഇത്തവണത്തെ ഓണത്തിന് മമ്മൂട്ടിയുടെ സിനിമ ഉണ്ടാകില്ല എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കാനാവുന്നത്.
 
ഓണച്ചിത്രമായി ‘മാമാങ്കം’ എത്തിക്കാനായിരുന്നു ആദ്യം മമ്മൂട്ടി ആലോചിച്ചത്. എന്നാല്‍ ആ സിനിമ ഓണത്തിന് മുമ്പ് തീര്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. അപ്പോഴാണ് പെട്ടെന്ന് ഒരു ചെറിയ ചിത്രം ചെയ്യുക എന്ന ആശയമുണ്ടായത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ ഓണത്തിന് റിലീസ് ചെയ്യാമെന്ന് തീരുമാനമായി.
 
അതനുസരിച്ച് ഷൂട്ടിംഗും മറ്റ് കാര്യങ്ങളും മുന്നോട്ടുപോകുകയായിരുന്നു, എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഓണത്തിന് മുമ്പ് ഗാനഗന്ധര്‍വ്വന്‍റെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുന്നു. അതുകൊണ്ടുതന്നെ മെഗാസ്റ്റാറിന്‍റേതായി ഒരു സിനിമയും ഇത്തവണ ഓണത്തിന് റിലീസ് ചെയ്യില്ല.
 
മാമാങ്കത്തിന്‍റെ ഷൂട്ടിംഗിനിടെയുണ്ടായ പ്രശ്നങ്ങളാണ് മമ്മൂട്ടിയുടെ പ്ലാനിംഗിനെയാകെ തകിടം മറിച്ചത്. മാമാങ്കത്തിന്‍റെ സംവിധാനം എം പത്മകുമാര്‍ ഏറ്റെടുത്തതോടെ റെക്കോര്‍ഡ് സ്പീഡില്‍ ചിത്രീകരണം നടന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷന് മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്നതിനാല്‍ ഉടനെയൊന്നും മാമാങ്കം പ്രതീക്ഷിക്കേണ്ടതില്ല. 
 
എന്തായാലും ഗാനഗന്ധര്‍വ്വന്‍ ഒക്‍ടോബറില്‍ പൂജാ റിലീസായി പ്രദര്‍ശനത്തിനെത്തിക്കാനാണ് രമേഷ് പിഷാരടി ഇപ്പോള്‍ ശ്രമിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍