നയൻതാരയെന്നാൽ ഉയർത്തെഴുന്നേറ്റവൽ എന്ന് കൂടി ചേർത്താൽ അത് തെറ്റാകില്ല. അത്രമേൽ ക്ലേശകരവും ദുഷ്കരവുമായിരുന്നു അവളുടെ യാത്ര. തിരുവല്ല മാർത്തോമാ കോളേജിൽ ബി എ ലിറ്ററേച്ചറിന് ചേർന്ന് പാർട്ട് ടൈം മോഡലായി വർക്ക് ചെയ്തിരുന്ന പെൺകുട്ടിയിൽ നിന്നു ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന / ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയയിലേക്കു ഉയർന്നതിനു പിന്നിൽ 17 വർഷത്തെ കഠിനാധ്വാനവും, അർപ്പണ മനോഭാവവുമുണ്ട്.
ഹീറോ ഓറിയന്റഡ്ഡ് ചിത്രങ്ങൾ മാത്രം റിലീസ് ആയിരുന്ന ഒരു ഇൻഡസ്ട്രിയിൽ നായിക പ്രാധാന്യമുള്ള ചിത്രങ്ങളും നിർമിക്കുവാൻ പ്രൊഡ്യൂസർസിന് ധൈര്യം നൽകിയ സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറിനു ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാൾ.
തെന്നിന്ത്യയിൽ തിരക്കേറിയ ലേഡി സൂപ്പര്‍സ്റ്റാറിലേക്ക് നയൻതാരയുടെ യാത്ര എളുപ്പമുള്ളതായിരുന്നില്ല. ഓട്ടത്തിൽ കൂടെയുണ്ടായിരുന്നവർ തളർന്ന് വീണപ്പോഴും തോറ്റ് കൊടുക്കാൻ തയ്യാറാകാതെ വിജയത്തിലേക്ക് ഓടിക്കയറിയവൾ ആണ് നയൻസ്. ആ ഓട്ടത്തിനൊടുവിൽ തെന്നിന്ത്യ അവൾക്കൊരും പേര് ചാർത്തി നൽകി- ലേഡി സൂപ്പർസ്റ്റാർ!.
16 വർഷമായി നയൻസ് സിനിമയിലേക്കെത്തിയിട്ട്. തെന്നിന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന, നായകന്റെ പിന്തുണ ഇല്ലാതെ സിനിമ ബോക്സോഫീസിൽ ഹിറ്റാക്കാൻ കഴിയുന്ന നായികയാണ് നയനിപ്പോൾ. 16 വർഷങ്ങൾക്ക് മുൻപ് സത്യൻ അന്തിക്കാട് ആണ് നയൻസിനെ വെള്ളിത്തിരയിലേക്ക് എത്തിച്ചത്.
തസ്കര വീരനും നാട്ടുരാജാവും ഒഴിച്ച് ബാക്കിയെല്ലാ മലയാള സിനിമകളിലും നയൻസിന് പ്രാധാന്യമുണ്ടായിരുന്നു. ഒടുവിൽ ഇറങ്ങിയ ലവ് ആക്ഷൻ ഡ്രാമയിലും അങ്ങനെ തന്നെ. നയൻസിനെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന ലക്ഷക്കണക്കിനു ആരാധകരാണിപ്പോഴുള്ളത്.
തനിക്കെതിരെ ഉയര്‍ന്നു വന്ന വിവാദങ്ങളെ സ്വന്തം പ്രതിഭ കൊണ്ടു ജയിച്ചു കയറിയ ചരിത്രമാണ് ഈ താരത്തിനുള്ളത്. കരിയറിന്റെ തുടക്കത്തിൽ തമിഴിലെ ചില റോളുകൾ തെറ്റായ തീരുമാനത്തിൽ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട് താരത്തിനു. ഗ്ലാമർ റോളുകളിലേക്ക് മാത്രം തഴയപ്പെടുന്നുവോ എന്ന് തോന്നിയ സമയത്താണ് ആദ്യമായി ബ്രേക്ക് എടുത്താലോ എന്ന് താരം കരുതുന്നത്.
രണ്ട് തവണയാണ് നയൻസിനു വ്യക്തി ജീവിതത്തില്‍ കാലിടറിയത്. ചിമ്പുവുമായും പ്രഭുദേവയുമായിട്ടുള്ള ബന്ധം പരാജയപ്പെട്ടപ്പോൾ തകർച്ചയിലായിരുന്നു നയൻസ്. വിവാദങ്ങളും വിമർശനങ്ങളും താരത്തെ വിടാതെ പിന്തുടർന്നു. എന്നാൽ, വിമർശിച്ചവരേപ്പോളും അമ്പരപ്പിച്ച് ഫീനിക്സ് പക്ഷിയെപ്പോലെയാണ് നയന്‍താര തിരിച്ചെത്തിയത്. പ്രേക്ഷക മനസിലുണ്ടായിരുന്ന നായക സങ്കല്‍പത്തെ പൊളിച്ചെഴുതി നയന്‍താര എന്ന പേരു തന്നെ ഓരോ ചിത്രത്തിന്റെയും വിജയ ഘടകമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.
നായകനൊപ്പം ഗാനരംഗത്ത് ആടിപ്പാടാനും നിഴലായി മാത്രം ഒതുങ്ങിപ്പോകാനുമുള്ളതല്ല നായിക കഥാപാത്രങ്ങള്‍ എന്നു നയന്‍താര തന്റെ ചിത്രങ്ങളിലൂടെ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. നായികാ സങ്കല്‍പ്പത്തെ തന്നെ ഈ താരം തിരുത്തിക്കുറിച്ചെന്നു പറയാം.
പുരുഷ താരങ്ങള്‍ക്ക് കിട്ടുന്ന അതേ സ്റ്റാര്‍ വാല്യു ഒരു നടിക്കും കിട്ടുമെന്ന് കാട്ടി. നടന്‍മാര്‍ക്ക് കിട്ടുന്ന അതേ പ്രതിഫലത്തിന് നടിമാരും അര്‍ഹരാണെന്ന് തെളിയിച്ചു. അവര്‍ അവരുടെ കഥാപാത്രം ആവശ്യപ്പെടുന്ന വസ്ത്രം ധരിച്ചു. തന്റെ പ്രണയവും പ്രണയനഷ്ടത്തിലുമൊന്നും ഒരു ഒളിവോ മറവോ വെച്ചില്ല. കടിച്ചു കീറാന്‍ വന്ന സദാചാര ആക്രമണങ്ങളെ സധൈര്യം നേരിട്ടു. തന്റെ വാക്കുകൾ മറ്റൊരർത്ഥത്തിലാണ് പൊതുമധ്യത്തിലേക്ക് പോകുന്നതെന്ന് മനസിലാക്കിയപ്പോൾ ചാനലുകൾക്ക് അഭിമുഖങ്ങൾ നൽകുന്നത് ഒഴിവാക്കി. തന്റെ സ്വകാര്യ ജീവിതത്തിലേക്ക് മറ്റുള്ളവർ കടന്നു കയറുന്നതിനെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് അവർ ഇനി പ്രതികരിക്കേണ്ടത്?
‘എന്നെ ഇഷ്ടപ്പെടാത്തവര്‍ എന്റെ സിനിമ കാണാതിരിക്കുക. ഞാന്‍ എന്റെ സംവിധായകര്‍ ആവശ്യപ്പെടുന്ന രീതിയിലാണ് അഭിനയിക്കുന്നത്. ഇഷ്ടമുള്ളവര്‍ കാണുക ഇഷ്ടമില്ലാത്തവര്‍ കാണാതിരിക്കുക. ‘- ഒരിക്കൽ ഒരു അഭിമുഖത്തിൽ നയൻ പറഞ്ഞതാണിങ്ങനെ. എത്രമേൽ ശക്തവും സ്പഷ്ടവുമായ വാക്കുകൾ.
ഇപ്പോൾ സംവിധായകൻ വിഘ്നേഷൻ ശിവനുമായി പ്രണയത്തിലാണ് നയൻസ്. ഇരുവരുടെയും പേരുകള്‍ ഗോസിപ്പു കോളങ്ങളിലും സജീവമായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രണയം നയന്‍താരതന്നെ സ്ഥിരീകരിക്കുകയുണ്ടായി. ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നുള്ള ചർച്ചകളും സജീവമാണ്. സൌന്ത് ഇന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറിനു പിറന്നാൾ ആശംസകൾ.