ഗായികയും നടിയുമായ അഞ്ജു ജോസഫിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി സെലിബ്രിറ്റികൾ എത്തിയിരുന്നു. ആദിത്യൻ പരമേശ്വരൻ ആണ് അഞ്ജുവിന്റെ വരൻ. നവംബർ 28 നായിരുന്നു വിവാഹ രജിസ്‌ട്രേഷൻ നടന്നത്. പിന്നാലെ ഇന്നലെ സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കുമായി റിസപ്ഷനും ഒരുക്കിയിരുന്നു.
ഐശ്വര്യ ലക്ഷ്മി, നവ്യ നായർ തുടങ്ങിയ താരങ്ങൾ ആഘോഷത്തിൽ തിളങ്ങി. ഇപ്പോഴിതാ അഞ്ജുവിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മടങ്ങുന്ന നടി നവ്യ നായരുടെ വീഡിയോ വൈറലാവുകയാണ്. വേദിയ്ക്ക് പുറത്ത് കാത്തു നിന്ന പാപ്പരാസികളുമായി സംസാരിക്കുന്ന നവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്.
വിവാഹത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ താൻ ഒരു കല്യാണം കഴിച്ചതാണ്, ഇനി കഴിപ്പിക്കരുത് എന്നായിരുന്നു നവ്യയുടെ മറുപടി. താരത്തിന്റെ മറുപടി പാപ്പരാസികൾക്കുള്ള ട്രോളാണെന്നാണ് ആരാധകർ പറയുന്നത്. നവ്യയുടെ മറുപടി ചിലർക്ക് ദഹിച്ചിട്ടില്ല. ചിലർ ഇത് ജാഡയാണെന്നും പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ് വീഡിയോ ഇപ്പോൾ. ജാഡയാണെന്ന് വിമർശിക്കുന്നവരോട്, തമാശയെ തമാശയായി കാണണമെന്നും പാപ്പരാസികളുടെ കടന്നു കയറ്റമാണ് വിമർശിക്കപ്പെടേണ്ടതെന്നുമാണ് ആരാധകർ പറയുന്നത്.
അതേസമയം അഞ്ജുവിനും ആദിത്യനും ആശംസകളുമായി എത്തുകയാണ് സോഷ്യൽ മീഡിയ. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹം തകർന്നതോടെ താൻ വിഷാദ രോഗത്തിലേക്ക് വീണു പോയതിനെക്കുറിച്ചും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതിനെപ്പറ്റിയൊക്കെ അഞ്ജു നേരത്തെ പറഞ്ഞിരുന്നു. ഇന്ന് സംഗീത രംഗത്തും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമാണ് അഞ്ജു.