പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' എന്ന ചിത്രം. ചിത്രത്തിനായുള്ള കഥയെഴുതുമ്പോൾ ശ്രീവിനാസന്റെ മനസ്സിൽ മുകുന്ദൻ എന്ന കഥാപാത്രമായിരുന്നു നിറഞ്ഞ് നിന്നത്. നായകനായ മുകുന്ദനെ തനിയ്ക്ക് ഇണങ്ങുന്ന രീതിയിലായിരുന്നു ശ്രീനി സ്ക്രിപ്റ്റ് രചിച്ചത്.
എന്നാൽ, സംഭവം പ്രിയദർശന്റെ കയ്യിൽ എത്തിച്ചപ്പോഴാണ് ടീമിലേക്ക് മോഹൻലാൽ കടന്നുവരുന്നത്. 'ഇത് വിചാരിച്ചതിലും അപ്പുറത്തേക്ക് ശ്രീനി പൊലിപ്പിച്ചിട്ടുണ്ട്. നമുക്ക് ഇതൊരു വലിയ സിനിമയാക്കാം. മുകുന്ദനെ ലാലിന് കൊടുക്കാം, വിശ്വനാഥനായി ശ്രീനിയും'' എന്നായിരുന്നു പ്രിയദർശന്റെ പ്രതികരണം.
മുകുന്ദനെ ഒരുപാട് മോഹിച്ചിരുന്നെങ്കിലും മറിച്ചൊരു വാക്ക് പോലും പറയാതെ ശ്രീനിവാസൻ മുകുന്ദനെ മോഹൻലാലിന് വിട്ടുകൊടുക്കുകയായിരുന്നുവത്രേ. രഞ്ജിനി, ഇന്നസെന്റ്, കെ പി എസി ലളിത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 1983ൽ റിലീസായ സായി പരഞ്ജ്പേയുടെ കഥ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടായിരുന്നു ഈ ചിത്രം.