മലയാളത്തിലെ ഹിറ്റ് കോംബോ ആണ് ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട്. ഇവർ ഒരുമിച്ചപ്പോഴൊക്കെ ഹിറ്റുകളാണ് പിറന്നത്. ഈ ടീം ഒരുമിക്കുന്ന ചിത്രമാണ് റാം. അനൗൺസ് ചെയ്തിട്ട് നാലു വർഷത്തിലേറെയായി. 'റാം', എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. 2019 ലാണ് ചിത്രം അനൗൺസ് ചെയ്തത്.
ചിത്രത്തിന്റെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ നിർഭാഗ്യങ്ങളുടെ ഒരു ഘോഷയാത്രയാണ് ചിത്രത്തെ കാത്തിരുന്നത്. 2020 ൽ ഷൂട്ടിങ് ആരംഭിച്ചതിനു പിന്നാലെ കോവിഡ് മഹാമാരിയെത്തി. തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചു. ലോക്ടൗണിന് ശേഷം ചിത്രത്തിന്റെ ഷൂട്ട് വീണ്ടും പുനരാരംഭിച്ചിരുന്നു. ചിത്രീകരണം പകുതിയിലധികം തീർന്നപ്പോഴാണ് അടുത്ത പ്രശ്‌നം. നിർമാതാവിന്റെ സാമ്പത്തിക ബാധ്യതയെതുടർന്ന് ഷൂട്ടിങ് മുടങ്ങി. തുടർന്ന് ചിത്രം ഉപേക്ഷിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
ഈ വർഷം നവംബറോടെ ഷൂട്ടിങ് തീർക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. അടുത്ത വർഷം ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. റാമിലെ നായിക തൃഷയാണ്. ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആറോളം രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.