രാജാവിന്റെ മകനില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മോഹന്‍ലാലിനേക്കാള്‍ താരമൂല്യം അംബികയ്ക്ക്; മോഹന്‍ലാല്‍ ചെയ്തത് മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രം !

ശനി, 21 മെയ് 2022 (12:45 IST)
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാലാണ്. മലയാളത്തിനു പുറത്തും ഏറ്റവും വിലപിടിപ്പുള്ള താരമാണ് മോഹന്‍ലാല്‍. 1986 ല്‍ റിലീസ് ചെയ്ത രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് മോഹന്‍ലാല്‍ എന്ന താരത്തിന്റെ ഉദയത്തിനു കാരണമായത്. പിന്നീടങ്ങോട്ട് മോഹന്‍ലാലിന് ഉയര്‍ച്ച മാത്രമായിരുന്നു. 
 
രാജാവിന്റെ മകനില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന്റെ താരമൂല്യം വളരെ കുറവായിരുന്നു. രാജാവിന്റെ മകനില്‍ നായികയായ അംബികയ്ക്ക് അന്ന് മോഹന്‍ലാലിനേക്കാള്‍ താരമൂല്യം ഉണ്ടായിരുന്നെന്ന് ആ സിനിമയുടെ സംവിധായകന്‍ തമ്പി കണ്ണന്താനം പിന്നീടൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
അക്കാലത്ത് മോഹന്‍ലാലിനേക്കാള്‍ താരമൂല്യം അംബികയ്ക്കാണ്. കാരണം അംബിക കമല്‍ഹാസനോടൊപ്പം തമിഴില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. അംബികയ്ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പ്രതിഫലം നല്‍കണമെന്ന് അംബികയുടെ അമ്മ കല്ലറ സരസമ്മ തമ്പിയോടു പറഞ്ഞു. അഭിനയം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞ് അംബിക പറഞ്ഞു 'എനിക്ക് ഒരു ലക്ഷം തന്നാല്‍ മതി' എന്ന്. അതിന്റെ നന്ദി ഇപ്പോഴും അംബികയോടുണ്ടെന്ന് തമ്പി പറയുന്നു. 
 
മോഹന്‍ലാലിനോട് എന്തു പ്രതിഫലം വേണമെന്ന് തമ്പി ചോദിച്ചു. ''അണ്ണാ അണ്ണന്റെ സിനിമ. അണ്ണന്‍ തീരുമാനിക്ക്'' എന്നു മോഹന്‍ലാല്‍. മോഹന്‍ലാലിന് ഒരു ലക്ഷം രൂപയാണു പ്രതിഫലം നല്‍കിയത്. അംബികയ്ക്കു കൊടുത്ത അതേ പ്രതിഫലം. എന്നാല്‍ ചിത്രം ഇറങ്ങിക്കഴിഞ്ഞ് മോഹന്‍ലാലിന്റെ പ്രതിഫലം പലമടങ്ങു വര്‍ധിക്കുന്നതാണു കണ്ടത്.
 
ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയപ്പോള്‍ രാജാവിന്റെ മകനില്‍ ആദ്യം നായകന്‍ മമ്മൂട്ടിയായിരുന്നു. പിന്നീടാണ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയത്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍