മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ കാത്തിരിന്നു; ഡേറ്റ് കിട്ടാതെ വന്നതോടെ ഷെയ്ന്‍ നിഗം ചിത്രം പ്രഖ്യാപിച്ച് പ്രിയദര്‍ശന്‍, ലാല്‍ ചിത്രം ഉടനില്ല !

ബുധന്‍, 15 ജൂണ്‍ 2022 (11:12 IST)
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രം ചെയ്യാനായിരുന്നു പ്രിയദര്‍ശന്റെ തീരുമാനം. ഇക്കാര്യത്തില്‍ മോഹന്‍ലാലും പ്രിയദര്‍ശനും തമ്മില്‍ തീരുമാനത്തില്‍ എത്തിയതുമായിരുന്നു. മോഹന്‍ലാല്‍ ബോക്‌സര്‍ ആയി എത്തുന്ന ചിത്രമായിരുന്നു അത്. എന്നാല്‍ സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. 
 
മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ വന്‍ പരാജയമായതുകൊണ്ടാണ് ബോക്‌സറുടെ കഥ പറയുന്ന പ്രിയദര്‍ശന്‍ ചിത്രത്തിനു മോഹന്‍ലാല്‍ താല്‍ക്കാലികമായി ഒരു ഫുള്‍സ്റ്റോപ്പ് ഇട്ടത്. എങ്കിലും പ്രിയദര്‍ശന്‍ കാത്തിരിന്നു. മരക്കാറിന്റെ ഹാങ്ഓവറിന് ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ ഒരിക്കല്‍ കൂടി ബന്ധപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോക്‌സറുടെ കഥ പറയുന്ന സിനിമയുമായി മുന്നോട്ടു പോയാലോ എന്ന് തിരക്കി. എന്നാല്‍ മോഹന്‍ലാലിന്റെ മറുപടി പ്രതികൂലമായിരുന്നു. 
 
മോഹന്‍ലാല്‍ ചിത്രം ഉടന്‍ നടക്കില്ലെന്ന് ഉറപ്പായതോടെ പ്രിയദര്‍ശന്‍ പുതിയ സിനിമയുടെ അണിയറയിലേക്ക് പ്രവേശിച്ചു. ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ സിനിമയാണ് പ്രിയന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഷെയ്ന്‍ നിഗത്തെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിക്കും. ഷെയ്ന്‍ നിഗത്തിന് പുറമേ യുവതാരങ്ങളായ ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍.എം.ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
 
അതേസമയം, സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തിലുള്ള മോഹന്‍ലാല്‍ ചിത്രം ഏറെക്കുറ ഉപേക്ഷിച്ച മട്ടിലാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു സിനിമയെ കുറിച്ച് ആലോചിക്കാമെന്നാണ് പ്രിയദര്‍ശനോട് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. അടുത്ത വര്‍ഷത്തേക്ക് മോഹന്‍ലാലിന് വേണ്ടി പുതിയൊരു കഥയായിരിക്കും പ്രിയദര്‍ശന്‍ കണ്ടെത്തുകയെന്നും സിനിമ മേഖലയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍