പ്രണയിക്കൂ ജീവിതകാലം മുഴുവൻ; പ്രണയം പറയൂ, മോഹൻലാൽ നിങ്ങൾക്ക് സമ്മാനം നൽകും

വ്യാഴം, 1 ഡിസം‌ബര്‍ 2016 (12:09 IST)
ജിബു ജേക്കബിംന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ ആരാധകർക്ക് ഒരു സുവർണ അവസരം. ഗാലറിയിൽ ഇരുന്ന ഓഡിയോ പരിപാടി കാണാനല്ല, അതിഥിയായിരിക്കാനാണ് ആരാധകർക്ക് അവസരം ഉണ്ടായിരിക്കുന്നത്. ചെയ്യേണ്ടത് ഇത്രമാത്രം - ഭാര്യയെ പ്രണയിക്കുക, ഭാര്യയോട് സ്നേഹം പങ്കുവെയ്ക്കുന്ന ഒരു വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അയച്ച് നൽകുക. 
 
30 സെക്കൻഡിൽ കവിയാത്ത വീഡിയോ ആയിരിക്കണാം അയക്കേണ്ടതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേരെയാണ് ഓഡിയോ ലോഞ്ചിലേക്ക് ക്ഷണിക്കുക, ഒപ്പം മോഹന്‍ലാലിന്റെ വക മറ്റ് സമ്മാനങ്ങളും ഉണ്ടാകും. ചിത്രത്തിന്റെ പ്രചരണാർത്ഥമാണ് ഇങ്ങനെയൊരു സംഭവം നടത്തുന്നത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് പ്രണയത്തെ കുറിച്ച് ലോകത്തോട് പറഞ്ഞാല്‍ സമ്മാനം തരുമെന്ന് അറിയിച്ചത്. 
 
വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മീനയാണ് നായിക. വിജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ്. ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക