ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ഡിസിആര്‍ബി) ഗ്രേഡ് എസ്‌ഐ നീണ്ടകര പുത്തന്‍തുറ തെക്കടത്ത് രാജുവിന്റെ മകന്‍ തേജസ് രാജ് (23) ആണു കൊലപാതകം ചെയ്തത്. ഫെബിനെ കൊലപ്പെടുത്തിയ ശേഷം പ്രതി തേജസ് രാജ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ചെമ്മാന്‍മുക്ക് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു സമീപം ട്രെയിന്‍ തട്ടിയ നിലയിലാണ് തേജസിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുന്‍പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിച്ചു. പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍നിന്നു പിന്‍മാറി. ഇത് തേജസ്സിനു മനസ്സില്‍ വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു. ഫെബിന്റെ സഹോദരിയും തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണ്. ഇവര്‍ തമ്മിലുള്ള അടുപ്പം അറിഞ്ഞതോടെ ഇരു വീട്ടുകാരും വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. എന്നാല്‍ ജോലി ലഭിച്ചതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്നു പിന്മാറുകയായിരുന്നു. തേജസ് വിളിക്കുമ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ല. ഇതെല്ലാം വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് 6.45 നാണ് സംഭവം. വെള്ള നിറമുള്ള കാറില്‍ പര്‍ദ ധരിച്ചാണ് തേജസ് ഫെബിന്റെ വീട്ടില്‍ എത്തിയത്. ഫെബിന്റെ സഹോദരിയെ കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ചു ആത്മഹത്യ ചെയ്യാനായിരുന്നു തേജസിന്റെ ലക്ഷ്യം. എന്നാല്‍ തേജസ് എത്തിയ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ ഇല്ലായിരുന്നു. പെണ്‍കുട്ടി സ്ഥലത്തില്ലെന്ന് അറിഞ്ഞതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പ്രതി വീട്ടില്‍ ഒഴിച്ചു. ഈ സമയം കൊല്ലപ്പെട്ട ഫെബിനും പിതാവും പേരയ്ക്ക കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പേരയ്ക്ക മുറിക്കാന്‍ ഉപയോഗിച്ച കത്തികൊണ്ട് ഇരുവരെയും തേജസ് കുത്തി. കുത്തേറ്റ ഫെബിന്‍ രക്ഷപ്പെടാന്‍ റോഡിലേക്ക് ഇറങ്ങിയെങ്കിലും താഴെ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തേറ്റ ഫെബിന്റെ പിതാവ് ജോര്‍ജ് ഗോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്.