മോഹന്‍ലാലിന്റെ അനിയത്തി, മമ്മൂട്ടിയുടെ ഭാര്യ, ദിലീപിന്റെ ചേച്ചി ! മഞ്ജുവിന് രണ്ട് സിനിമകളില്‍ നിന്നായി നഷ്ടപ്പെട്ട കഥാപാത്രങ്ങള്‍
സിബി മലയില്‍ സംവിധാനം ചെയ്ത് ഷാജി കൈലാസ് നിര്‍മിച്ച സിനിമയാണ് 'ഉസ്താദ്'. രഞ്ജിത്താണ് സിനിമയുടെ തിരക്കഥ രചിച്ചത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളില്‍ വിജയമായിരുന്നില്ല. എന്നാല്‍, കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് ഉസ്താദ്.
ഈ സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരിയായാണ് ദിവ്യ ഉണ്ണി അഭിനയിച്ചത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയും തമ്മിലുള്ള കോംബിനേഷന്‍ സീനുകളെല്ലാം കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്നു. എന്നാല്‍, ഈ സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷം ചെയ്യാന്‍ സംവിധായകനും തിരക്കഥാകൃത്തും ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെയാണ്. എന്നാല്‍, പിന്നീട് ആ തീരുമാനം മാറ്റി. പൂര്‍ണമായി കുടുംബപശ്ചാത്തലത്തില്‍ സിനിമ ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് ആക്ഷന്‍ രംഗങ്ങള്‍ കൂടി കൂടുതല്‍ ഉള്‍ക്കൊള്ളിക്കണമെന്ന് സംവിധായകനും തിരക്കഥാകൃത്തും തീരുമാനിച്ചു. അതോടെ മഞ്ജു വാര്യര്‍ക്ക് പകരം ദിവ്യ ഉണ്ണിയെ മോഹന്‍ലാലിന്റെ സഹോദരി വേഷത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ സഹോദരി കഥാപാത്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് വന്നതോടെയായിരുന്നു മഞ്ജു വാര്യരെ മാറ്റിയത്.
മമ്മൂട്ടി, ദിലീപ്, ശോഭന, ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനില്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് കളിയൂഞ്ഞാല്‍. 1997 പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിനയിക്കാന്‍ മഞ്ജു വാര്യറെ സമീപിച്ചിരുന്നു. മഞ്ജു അഭിനയിക്കാത്തതിന് കാരണം ഡേറ്റ് ക്ലാഷ് ആണെന്നാണ് വിവരം. ശോഭന അവതരിപ്പിച്ച ഗൗരിയുടെ വേഷമാണ് മഞ്ജുവിന് കൈവിട്ടു പോയത്. ഒരുപക്ഷെ അന്ന് അത് സംഭവിച്ചിരുന്നുവെങ്കില്‍ മമ്മൂട്ടിയ്ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ മഞ്ജു വാര്യര്‍ക്ക് ദ് പ്രീസ്റ്റ് വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു. കളിയൂഞ്ഞാലില്‍ മമ്മൂട്ടിയുടെ നായികയായും ദിലീപിന്റെ ചേച്ചിയായുമാണ് ഗൗരി എന്ന കഥാപാത്രം എത്തുന്നത്. മഞ്ജു അന്ന് സമ്മതം മൂളിയിരുന്നെങ്കില്‍ ശോഭനയ്ക്ക് കളിയൂഞ്ഞാലില്‍ അഭിനയിക്കാന്‍ സാധിക്കില്ലായിരുന്നു.