11 വർഷത്തെ കാത്തിരിപ്പ്, തുടക്കം കൊളംബോയിൽ; മോഹൻലാൽ-മമ്മൂട്ടി ചിത്രത്തിന്റെ വിശേഷങ്ങൾ

നിഹാരിക കെ എസ്

വെള്ളി, 15 നവം‌ബര്‍ 2024 (13:30 IST)
11 വർഷത്തെ മലയാള സിനിമയുടെ കാത്തിരിപ്പാണ് മഹേഷ് നാരായണൻ ചിത്രത്തിലൂടെ സംഭവിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയില്‍ തുടക്കമാവുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി ഇന്ന് കൊളംബോയിൽ എത്തും. മോഹൻലാൽ ഇന്നലെ തന്നെ എത്തിയിരുന്നു.  
 
ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയാണിത്. ചിത്രത്തിനായി മമ്മൂട്ടി 100 ദിവസവും മോഹന്‍ലാല്‍ 30 ദിവസവും ഡേറ്റ് നല്‍കിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഡീ ഏജിങ് ഉപയോഗിച്ച് ഇരുവരുടേയും ചെറുപ്പകാലം കാണിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചെറുപ്പകാലത്തെ സീനുകളിൽ മോഹൻലാലും മമ്മൂട്ടിയും നേരിൽ കാണുന്ന രംഗങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. 
 
മമ്മൂട്ടിയും മോഹന്‍ലാലും നായകവേഷത്തിലെത്തിയ അവസാന ചിത്രം 2008ല്‍ റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിലുണ്ട്. ഫഹദ് ഫാസിലിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ആസിഫ് അലിയും ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍