മോഹന്‍ലാലിനെ ഒരു സംഭാഷണ ശകലം തോണ്ടിയെടുത്ത് ആക്രമിക്കുന്നത് മെന്റല്‍ ഡിസോഡര്‍: ജോയ് മാത്യു

ശനി, 13 സെപ്‌റ്റംബര്‍ 2014 (11:58 IST)
മോഹന്‍ ലാലിനെ വിമര്‍ശിച്ച ഡോ. ബിജുവിന് മറുപടിയുമായി സംവിധായകനും നടനുമായ ജോയ് മാത്യു. ശരിയായ പെരുച്ചാഴി ആരാണ് എന്ന തലക്കെട്ടിലെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ജോയ് മാത്യു ഡോ. ബിജുവിനെ രൂക്ഷമായി വിമര്‍ശിച്ചത്.

സിനിമയിലെ ഒരു  സംഭാഷണ ശകലം തോണ്ടിയെടുത്ത് മോഹന്‍ലാലിനെ വിമര്‍ശിക്കുന്നത് മെന്റല്‍ ഡിസോഡറാണെന്നും തങ്ങള്‍ക്കു അവകാശപ്പെട്ട മണ്ണിനു വേണ്ടി കഴിഞ്ഞ 68 ദിവസമായി ആദിവാസികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന നില്പ് സമരപ്പന്തലില്‍ ഒന്ന് എത്തി നോക്കുകയെങ്കിലും ചെയ്ത്  ഇയാള്‍ സ്വന്തം മനോനില വീണ്ടെടുക്കുകയാണ് ഇയാള്‍ ചെയ്യേണ്ടത് ജോയ് മാത്യു പറഞ്ഞു.

'അട്ടപ്പാടി' എന്നത് ആദിവാസികളുടെ പര്യായമാക്കുന്നത് തന്നെ ശരിയല്ല.അങ്ങിനെ ഒരു ആദിവാസി ഗോത്രമോ സമൂഹമോ ഇല്ല .വിവ്വിധ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ഒരു ഭൂമിയാണതു ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.


നേരത്തെ പ്രശസ്ത സംവിധായകാനായ ഡോ. ബിജു മോഹന്‍ ലാ‍ലിന്റെ ഓണചിത്രമായ പെരുച്ചാഴിയിലെ ലുലുമാളിലെത്തിയ അട്ടപ്പാടികള്‍ എന്ന    ഡയലോഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി  രംഗത്തെത്തിയിരുന്നു.


ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ചുവടെ.....

ശരിയായ പെരുച്ചാഴി ആരാണ് ?

സത്യം ,മോഹന്‍ ലാലിനെ എനിക്കറിയില്ല ,വ്യക്തിപരമായി അറിയില്ല എന്നാണു ഞാന്‍ ഉദ്ദേശിച്ചത് ,അറിയുന്ന മോഹന്‍ ലാല്‍ എന്നെ എക്കാലവും അത്ഭുതപ്പെടുത്തിയിട്ടുള്ള മികച്ച നടന്‍മാരില്‍ ഒരാളാണ് .
ഒരു നടന്‍ / നടി അഭിനയിച്ച സിനിമയിലെ കഥാപാത്രം പറയേണ്ട സംഭാഷണം എഴുതുന്നത്‌ അഭിനേതാവല്ല ,എഴുത്തുകാരനാണ്‌ ..സിനിമയുടെ ആകെത്തുക (In Totality)പ്രേക്ഷകന് എന്ത് നല്കുന്നു എന്നിടത്താണ് സിനിമ നല്ലതോ ചീത്തയോ എന്ന് പ്രേക്ഷകന് തീരുമാനിക്കാന്‍ കഴിയുക .അല്ലാതെ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണ ശകലം തോണ്ടിയെടുത്ത് ആ സിനിമയില്‍ അഭിനയിച്ചു പോയി എന്ന കുറ്റം ചുമത്തി മോഹന്‍ലാല്‍ എന്ന നടനെ ആക്രമിക്കുന്നതിനെ ഒരു mental disorder ആയി കാണുകയാണ് വേണ്ടത് .... ഇനി ആക്രമ വിധേയമായ 'അട്ടപ്പാടി' എന്നത് ആദിവാസികളുടെ പര്യായമാക്കുന്നത് തന്നെ ശരിയല്ല . അങ്ങിനെ ഒരു ആദിവാസി ഗോത്രമോ സമൂഹമോ ഇല്ല .വിവ്വിധ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ഒരു ഭൂമിയാണതു .....അട്ടപ്പാടി എന്നൊരു പ്രയോഗത്തിന്റെ പേരില്‍ മോഹന്‍ലാല്‍ എന്ന നടനെ അധിക്ഷേപിക്കുന്നവര്‍ സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രം ഒന്ന് ചികയുന്നത് നന്നായിരിക്കും ,നെല്ല് സിനിമയെടുത്ത രാമുകാര്യാട്ട് മുതല്‍ ബാംബൂ ബോയ്സ് വരെ ആയിരക്കണക്കിനു സിനിമകളിലാണ് പുലിത്തോല്‍ ഡിസൈനിലുള്ള അര്‍ദ്ധ വസ്ത്രമുടുപ്പിച്ചും തലയോട്ടിയേന്തിയുള്ള അര്‍ദ്ധ നഗ്നനൃത്ത (ദേവിയെ പ്രീതിപ്പെടുത്താന്‍ ഓഹോ ഓഹോ എന്ന് തുടങ്ങുന്ന ഗാനവും)വും തുടങ്ങി ആദിവാസികളെ കോമാളികളും ആഭാസരും ആക്കുന്ന വസ്തുതാ വിരുദ്ധമായ നൂറുകണക്കിന് സിനിമകള്‍ നമുക്ക് മുന്നിലൂടെ ഓടി തീര്‍ത്തത് .മോഹന്‍ലാല്‍ എന്ന നടനെ മാത്രം ഇത്തരുണത്തില്‍ ആക്രമിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാക്കാനും ചികിത്സിച്ചു സൌഖ്യം നേടാനും വൈദ്യം പഠിച്ച ഒരു അപ്പോത്തിക്കരിയെ കാണുകയാണ് വേണ്ടത് അല്ലാതെ, വീട്ട്ടിലേക്കുള്ള വഴി അറിയാതെ ആകാശത്തിന്റെ നിറം നോക്കി നടക്കുന്ന സമയം ,തങ്ങള്‍ക്കു അവകാശപ്പെട്ട മണ്ണിനു വേണ്ടി കഴിഞ്ഞ 68 ദിവസമായി ആദിവാസികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന നില്പ് സമരപ്പന്തലില്‍ ഒന്ന് എത്തി നോക്കുകയെങ്കിലും ചെയ്ത് സ്വന്തം മനോനില വീണ്ടെടുക്കുകയാണ് ഇയാള്‍ ചെയ്യേണ്ടത് .





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.


വെബ്ദുനിയ വായിക്കുക