'എന്നും എപ്പോഴും'‌ - പേരിന്റെ രഹസ്യം വെളിപ്പെടുത്തി മഞ്ജു

ബുധന്‍, 4 മാര്‍ച്ച് 2015 (15:25 IST)
മോഹന്‍ലാലും മഞ്ജു വാര്യറും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന 'എന്നും എപ്പോഴും' പ്രേക്ഷകര്‍ ഏറെ ആകാംഷയൊടെ കാത്തിരുന്ന ചിത്രമാണ്. മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട ജോഡികള്‍ ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.
ഏറെ പ്രതീക്ഷകളുള്ള ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ മഞ്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വെച്ചു. ഫേസ്ബുക്ക് കുറിപ്പില്‍ ‘എന്നും എപ്പോഴും മലയാളികളുടെ മനസ്സില്‍ മോഹന്‍ലാലും മഞ്ജുവാര്യരുമുണ്ടാകുമെന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേരിട്ടതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞതായി മഞ്ജു പറയുന്നു
 
മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം....... 
 
എന്നും എപ്പോഴും 
..................................
സത്യനങ്കിള്‍ സിനിമയുടെ പേര് പറഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചത് ആ രണ്ടുവാക്കുകളെക്കുറിച്ചാണ്. ജീവിതത്തില്‍ നമ്മള്‍ എത്രയോ വട്ടം ഒറ്റയ്‌ക്കൊറ്റയ്ക്ക് ആ വാക്കുകള്‍ കേട്ടിരിക്കുന്നു. പക്ഷേ 'എന്നും' എന്ന വാക്കിനൊപ്പം 'എപ്പോഴും' എന്ന വാക്ക് ചേര്‍ന്ന് ഒറ്റവാക്കാകുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു. രണ്ടുവാക്കുകളും 'അനശ്വരത'(immortality)യെ സൂചിപ്പിക്കുന്നവയാണ്. അവസാനിക്കാത്ത എന്തോ ഒന്നിനെക്കുറിച്ചുള്ള ഓര്‍മ. 'എന്നി'നൊപ്പം 'എപ്പോഴും' എന്നുകൂടി ചേര്‍ത്തുകൊണ്ട് ആ അനശ്വരതയെ ഇരട്ടിയാക്കാന്‍ സത്യനങ്കിളിനെപ്പോലൊരാള്‍ക്ക് മാത്രമേ കഴിയൂ. എന്നും എപ്പോഴും നിലനില്കുന്ന ചിലത് മാത്രമാണ് ഈ ഭൂമിയിലുള്ളത്. സ്‌നേഹം,നന്മ,ദയ തുടങ്ങി അപൂര്‍വം ചിലത് മാത്രം. മനുഷ്യവംശം ഇല്ലാതായാലും ബാക്കിയാകുന്നവയാണത്. ഈ സിനിമ എന്നും എപ്പോഴും അവശേഷിക്കുന്ന അങ്ങനെയുള്ള ചിലതിനെക്കുറിച്ചുള്ളതാണ്. 'എന്നും എപ്പോഴും മലയാളികളുടെ മനസ്സില്‍ മോഹന്‍ലാലും മഞ്ജുവാര്യരുമുണ്ടാകുമെന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേരെന്ന്' സത്യനങ്കിള്‍ പറയുന്നു. അങ്ങനെ പറയുന്നത് അദ്ദേഹത്തിന്റെ നന്മ. എനിക്കിത് എന്റെ ജീവിതത്തില്‍ ഇനിയുള്ള കാലം അല്ലെങ്കില്‍ എന്നും എപ്പോഴും ബാക്കിയാകുന്ന ചില നല്ല നിമിഷങ്ങളുടെ ഓര്‍മയാണ്. മാര്‍ച്ച് 27ന് നമ്മള്‍ തീയറ്ററുകളില്‍ കാണുംവരെ ഈ സിനിമ എനിക്ക് നല്കിയ ചില നന്മകളെക്കുറിച്ച് കുറിക്കുകയാണ് ഞാന്‍..ഒപ്പമുണ്ടാകുമെന്ന വിശ്വാസത്തോടെ
എന്നും,എപ്പോഴും
നിങ്ങളുടെ മഞ്ജുവാര്യര്‍.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക