മഹേഷ് നാരായണൻ സംവിധാനം ചെയ്ത് പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവർ അഭിനയിച്ച ടേക് ഓഫ് എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ടേക് ഓഫ് കണ്ട എല്ലാവരും അതിഗംഭീരമെന്നാണ് പറഞ്ഞിരിക്കുന്നത്. മഞ്ജു വാര്യർക്കും ഇതുതന്നെയാണ് പറയാനുള്ളത്.
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ടേക്ക് ഓഫിനെ ഒറ്റവാക്കിൽ ഉജ്ജ്വലം എന്നുവിശേഷിപ്പിക്കാം. ഈ സിനിമ മലയാളത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നു. ഈ വിജയം ആകാശത്തേക്ക് ടേക്ക് ഓഫ് ചെയ്യപ്പെടുമ്പോൾ അതിന്റെ ചരിവിലെവിടെയോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന രാജേഷ് പിള്ളയെ തന്നെയാകും അത് ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുക. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചു.
പാർവതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല. അത്രയും അവിസ്മരണീയമാണത്. ആസിഫും വളരെനന്നായി. മഹേഷ് നാരായണൻ എന്ന ഫിലിംമേക്കർ എല്ലാം അംശങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ഈ ചിത്രമൊരുക്കാൻ മുന്നിൽ നിന്ന നിർമാതാവ് ആന്റോ ജോസഫും അഭിനന്ദനം അർഹിക്കുന്നു.