പ്രഖ്യാപനം മുതൽ ചർച്ചയാകുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രത്യേകതകൾ ഏറെയാണ്. ചിത്രത്തിൽ 21 നായികമാരാണ് ഉള്ളത്. മമ്മൂട്ടി വില്ലനും വിനായകൻ നായകനുമായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്. 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായിരുന്നു ജിതിന്‍ കെ. ജോസ്. ജിതിന്റെ ആദ്യ സംവിധാന സംരംഭമാണ് 'കളങ്കാവല്‍'. ഇതിലൂടെ പുതിയൊരു സംവിധായകനെ കൂടി മലയാളത്തിന് പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ഇനിയും തേച്ചാൽ മിനുങ്ങുന്ന നടനാണ് താനെന്ന മമ്മൂട്ടിയുടെ വാക്കുകൾ ഒരിക്കൽ കൂടി സത്യമാകുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കണ്ട മമ്മൂട്ടിയെ മലയാളികൾ ഇതുവരെ കണ്ടിട്ടില്ലെന്ന് വേണം കരുതാൻ. രൂപവും ഭാവവും അത്രമേൽ അപരിചിതം. നായികമാരെന്ന് പറയുമ്പോൾ നായകന്റെ നിഴലായി നിൽക്കുന്ന കഥാപാത്രങ്ങളെ ആയിരിക്കില്ല ചിത്രത്തിൽ രജീഷ വിജയന്‍, ഗായത്രി അരുണ്‍ ഉള്‍പ്പെടെ നടിമാർ അവതരിപ്പിക്കുക എന്ന് വ്യക്തം.
എന്താണ് കളങ്കാവല്‍?
ചിത്രത്തിന്റെ പേരും പ്രത്യേകതയുള്ളതാണ്. അമ്പലങ്ങളിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നാണ് കളങ്കാവല്‍. രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവി ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നാണ് കളങ്കാവല്‍. കളത്തിൽ ദേവി അസുരനെ നിഗ്രഹിക്കുന്നതിൻ്റെ പ്രതീകാത്മക ചടങ്ങാണിത്. കളങ്കാവൽ സമയത്ത് വാത്തി തിരുമുടി തലയിലേന്തി ദാരികനെ തിരയും. ചിരിച്ചും ആക്രോശിച്ചും ഭക്തർക്കിടയിലേക്ക് തങ്കതിരുമുടിയുമായി എത്തുന്ന ദേവി അദ്ഭുതക്കാഴ്ചയാണ്.
കളങ്കാവല്‍ സിനിമയും പ്രതീക്ഷയും
ചിത്രത്തിന്റെ പേരും മമ്മൂട്ടിയുടെ കഥാപാത്രവും ചേര്‍ത്തുവച്ച് നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. സിനിമയുടെ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത് മമ്മൂട്ടി ഒരു നെഗറ്റീവ് കഥാപാത്രം ആണ് ചെയ്യുന്നതെന്നാണ്. വിനായകനും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കളങ്കാവൽ ഐതിഹ്യത്തിൽ പറഞ്ഞ ദാരികൻ ആകണം മമ്മൂട്ടി ഈ സിനിമയിൽ.
ഹൈന്ദവ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒരു അസുരനാണ് ദാരികൻ. ദാരികൻ തന്റെ ശക്തിയിൽ അഹങ്കാരിയും ദേവന്മാരെയും മനുഷ്യരെയും ഉപദ്രവിക്കുന്നവനുമായിരുന്നു. സിനിമയിൽ മമ്മൂട്ടി ദാരികൻ ആണ്. ആ ഗ്രാമത്തിലെ എല്ലാവരെയും ദ്രോഹിക്കുന്ന ഒരു പോലിസ് ഉദ്യോഗസ്ഥൻ. മമ്മൂട്ടി (ദാരികൻ) വിനായകന്റ(ഭദ്രകാളി) കയ്യാൽ അർദ്ധരാത്രിയിൽ കളങ്കാവൽ സമയത്ത് വധിക്കപ്പെടുന്നു. പോസ്റ്ററിൽ വിനായകന്റെ പേരാണ് മമ്മൂട്ടിക്ക് മുന്നേ നൽകിയിരിക്കുന്നത് എന്നത് ഒരു വിപ്ലവം ആണ്.
സിനിമ പറയുന്നത് സയനൈഡ് മോഹന്റെ കഥയോ?
ഇരുപതോളം യുവതികളെ ലൈംഗികമായി പീഡിപ്പിച്ചശേഷം സയനൈഡ് നല്‍കി കൊന്നൊടുക്കിയ സയനൈഡ് മോഹനന്‍ അഥവാ മോഹന്‍ കുമാര്‍ എന്ന സീരിയല്‍ കില്ലറുടെ കഥയാണ് സിനിമ പറയുന്നതെന്നും പ്രചാരണമുണ്ട്. 21 നായികമാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് സയനൈഡ് മോഹന്റെ കഥയാണെന്ന പ്രചാരണങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. ആദ്യമായാണ് മമ്മൂട്ടി ചിത്രത്തില്‍ 21 നായികമാരെ അഭിനയിപ്പിക്കുന്നത്.
മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയും
നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ.
ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം. നാഗര്‍കോവില്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.