തീയേറ്ററുകൾ കീഴടിക്കി ജൈത്രയാത്ര തുടരുന്ന പുലിമുരുകനെ ആരാധകർ സ്വീകരിച്ച് കഴിഞ്ഞു. ഒപ്പം വൈശാഖ് എന്ന സംവിധായകനേയും. ഒറ്റൊറ്റ സിനിയിലൂടെ വൈശാഖിന്റെ നിലവാരം കുതിച്ചുയരുകയായിരുന്നു. താൻ മമ്മൂട്ടിയുടെ കണ്ടെത്തൽ ആണെന്ന് വൈശാഖ് വെളിപ്പെടുത്തുകയാണ്. ഇക്കാര്യം തുറന്നു പറയുന്നതിൽ തനിക്കൊരു മടിയില്ലെന്നും വൈശാഖ് പറയുന്നു. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പുലിമുരുകന്റെ വിജയത്തിൽ ആദ്യ ഗിഫ്റ്റ് തന്നത് മമ്മൂക്കയാണ്. റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസം അദ്ദേഹം എന്നെ വിളിച്ചു. സന്തോഷം ഒരു പിശുക്കുമില്ലാതെ കാണിച്ചു. പുതിയ സാധ്യതകളെക്കുറിച്ച്, ഈ സിനിമ തുറന്നിട്ട വിപണിയുടെ വാതിലുകളെക്കുറിച്ച് എല്ലാം പറഞ്ഞു. ഓരോ സിനിമ സംവിധാനംചെയ്യുമ്പോഴും ജോഷിസാറിനും മമ്മൂക്കയ്ക്കും ഈ സിനിമ ഇഷ്ടമാകുമോ എന്നു ഞാൻ ആലോചിക്കാറുണ്ടെന്നും വൈശാഖ് പറയുന്നു.
ആദ്യ സിനിമയായ പോക്കിരിരാജയ്ക്കായി പോയപ്പോൾ ‘നന്നായിട്ടൊക്കെ സംവിധാനം ചെയ്യുമോടോ?’ എന്ന ചോദ്യം ഇപ്പോഴും വൈശാഖിന്റെ മനസ്സിലുണ്ടത്രേ. 'പോക്കിരിരാജ' എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് വൈശാഖ് സിനിമയിലേക്ക് കടന്നു വന്നത്. താൻ ആരാധിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തന്റെ ഗുരുതുല്യനാണ് മമ്മൂക്കയെന്നും പോക്കിരിരാജയിലൂടെ അദ്ദേഹം തന്നെ കൈപിടിച്ചു കയറ്റിയത് സിനിമയിലേക്ക് മാത്രമല്ല, ജീവിതത്തിലേക്കുകൂടെയാണെന്നും വൈശാഖ് മുമ്പും പലവട്ടം പറഞ്ഞിട്ടുണ്ട്.