മലയാളത്തിലെ ഏറ്റവും സൂപ്പര്‍ഹിറ്റ് തിരക്കഥാജോഡിയായിരുന്നു ഉദയ്കൃഷ്ണയും സിബി കെ തോമസും. ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ ഒന്നിച്ചെഴുതിയ തിരക്കഥാകൃത്തുക്കളും ഇവരാണ്. എന്നാല്‍ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും പിരിഞ്ഞു. ഉദയന്‍ ഒറ്റയ്ക്ക് തിരക്കഥയെഴുതിയ പുലിമുരുകനും മാസ്റ്റര്‍ പീസും മലയാളത്തിലെ ചരിത്രവിജയങ്ങളായി. സിബി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
ഉദയനും സിബിയും ഏറെ തിരക്കുള്ള തിരക്കഥാകൃത്തുക്കളായിരിക്കുമ്പോള്‍, 15 വര്‍ഷം മുമ്പ് ഒരിക്കല്‍ മമ്മൂട്ടി ഇവര്‍ പിരിയുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടത്രേ. ഇക്കാര്യം ഉദയകൃഷ്ണ തന്നെയാണ് വെളിപ്പെടുത്തിയത്. ഉദയന്‍ പറയുന്നത് കേള്‍ക്കൂ:
“ഒരു ജോഡിക്ക് ഒരുപാട് കാലം ഒരുമിച്ച് പോകാന്‍ കഴിയില്ല. പ്രത്യേകിച്ചും സിനിമയില്‍. കാരണം രണ്ടുപേര്‍ക്കും രണ്ട് ചിന്താഗതിയാണ്. ബിസിനസ് കൂട്ടുകൃഷി പറ്റും. രണ്ട് ഇന്‍വെസ്റ്റുമെന്‍റാണ് അത്. ഇത് രണ്ട് ബ്രെയിനാണ്. ഇക്കാര്യം 15 വര്‍ഷം മുമ്പ് മമ്മുക്ക ഞങ്ങളോട് പറഞ്ഞിരുന്നു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു - എപ്പോഴാടോ പിരിയുന്നത്?
ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ മമ്മുക്ക ചിരിച്ചു. ‘എടോ ഒരുകാലത്തും അങ്ങനെ വരില്ല. പിരിഞ്ഞേ പറ്റൂ’.
“അന്ന് ഞങ്ങള്‍ക്ക് അത് മനസിലായില്ല. ഒരു കഥ ഒരാള്‍ക്കേ കണ്ടെത്താനാകൂ. ഒരാള്‍ക്കേ എഴുതാനാകൂ. ഒരിക്കലും രണ്ടുപേര്‍ക്ക് അതുപറ്റില്ല.” - കുറച്ചുകാലം മുമ്പ് മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉദയ്കൃഷ്ണ വ്യക്തമാക്കിയതാണിത്.