താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിക്കുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ സംവിധായകന്‍ സജീവ് പിള്ളയും നിര്‍മ്മാതാവ് വേണു കുന്നമ്പിള്ളിയും. ആദ്യ ഷെഡ്യൂളിൽ മമ്മൂട്ടിയും സഹതാരങ്ങളും മാത്രമാണുള്ളത്. നായികമാർ രണ്ടാം ഷെഡ്യൂളിൽ ആണ് ചിത്രത്തിന്റെ ഭാഗമാവുക. ഏപ്രിലിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക.
തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ അഭിമാനചിത്രങ്ങളായ ബഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്‍റെയും വി എഫ് എക്സ് ചെയ്യുന്നത്. കമല്‍ഹാസന്‍റെ വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ആക്ഷന്‍ ചിട്ടപ്പെടുത്തിയ കെച്ച ആണ് സ്റ്റണ്ട് കൊറിയോഗ്രഫി.
മമ്മൂട്ടി ചേകവരായെത്തുന്ന ചിത്രത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന നിരവധി പോരാട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം വാള്‍പ്പയറ്റ് നിറഞ്ഞ ഒരു സിനിമയില്‍ മമ്മൂട്ടി ഇപ്പോഴാണ് ഭാഗമാകുന്നത്. മംഗലാപുരവും കാസര്‍കോടുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. എം ജയചന്ദ്രനാണ് സംഗീതം.