മമ്മൂട്ടി ചിത്രങ്ങളെ മാത്രം ഇക്കാര്യത്തിൽ ട്രോളുന്നത് എവിടുത്തെ ന്യായം?

തിങ്കള്‍, 30 ജൂലൈ 2018 (14:18 IST)
മലയാളത്തിൽ ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയത് മോഹൻലാലിന്റെ പുലിമുരുകൻ ആണ്. പുലിമുരുകന്റെ കളക്ഷൻ പൊട്ടിക്കാൻ ഇതുവരെ മറ്റൊരു പടത്തിനും കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ, രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികൾ’.
 
‘അബ്രഹാമിന്റെ സന്തതികളുടെ’ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്കുള്ളതിനാൽ കളക്ഷൻ പുറത്തുവിടാൻ സാധിക്കില്ലെന്നും, എന്നാൽ പുലിമുരുകന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി അബ്രഹാം മാറിയെന്നുമായിരുന്നു നിർമ്മാതാക്കളായ ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
 
അതേസമയം, ചിത്രത്തിന്റെ നിർമാതാക്കൾ കള്ളം പറയുകയാണെന്നാണ് മറ്റ് സിനിമാ ഫാൻസിന്റെ ആരോപണം. പോസ്റ്റിനെതിരെ പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജില്ല, ഒപ്പം, ദൃശ്യം, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ സിനിമകളുടെ ഒഫിഷ്യൽ പേജുകളിലും ട്രോളുകൾ പ്രത്യക്ഷപ്പെട്ടു. 
 
എന്നാൽ ചിത്രത്തിനെ സപ്പോർട്ട് ചെയ്‌തും ഒരു വിഭാഗം രംഗത്തെത്തി. മറ്റെല്ലാവരും കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുമ്പോൾ അംഗീകരിക്കുകയും, എന്നാൽ മമ്മൂട്ടി ചിത്രങ്ങളുടെ നിർമ്മാതാക്കൾ തന്നെ കളക്ഷൻ റെക്കോർഡ് പുറത്തുവിടുമ്പോൾ ട്രോളുകയും ചെയ്യുന്ന രീതി നല്ലതല്ലെന്നാണ് ഈ വിഭാഗത്തിന്റെ ഭാഷ്യം.  മുൻപ് ദി ഗ്രേറ്റ് ഫാദർ, മാസ്റ്റർപീസ് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളും ട്രോളിനിരയായിരുന്നു.
 
'നിർമ്മാതാക്കളുടെ സംഘടനയുടെ തലപ്പത്തു ആന്റണി പെരുമ്പാവൂർ അല്ലേ..?? പുള്ളി തന്നെ നിർമിച്ച ദൃശ്യത്തെ അബ്രഹാം മറികടന്നു എന്നു പറയുമ്പോൾ അതു തള്ളാണേൽ, പുള്ളി കേസ് കൊടുക്കുലെ..?? അതും പുള്ളിടെ അസോസിയേഷന്റെ പേരിൽ അല്ലേ പോസ്റ്റിട്ടിരിക്കുന്നത്. അസോസിയേഷൻ അറിഞ്ഞു കൊണ്ട് അവരുമായി ചർച്ച ചെയ്തു ആണ് ഗുഡ്വിൽ പോസ്റ്റ്‌ ഇട്ടതു?’ - എന്നും ചിലർ ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍