ചരിത്രസിനിമകള്‍ ഒരാഴ്ച കൊണ്ടു ചെയ്യുന്നയാളല്ല മമ്മൂട്ടി; കുഞ്ഞാലി മരക്കാര്‍ വൈകും!

ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (16:36 IST)
മുമ്പ് ‘പഴശ്ശിരാജ’ എന്ന സിനിമയുടെ ചിത്രീകരണം നീണ്ടുപോയപ്പോള്‍ ആ സിനിമ റിലീസാകില്ലെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അതിന് സംവിധായകന്‍ ഹരിഹരന്‍ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു - “ഇതൊരു വാര്‍ ഫിലിമാണ്, അതിന് അതിന്‍റേതായ സമയമെടുക്കും”. കുഞ്ഞാലിമരക്കാര്‍ എന്ന മമ്മൂട്ടിച്ചിത്രത്തേക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ അതുതന്നെയാണ് പറയുന്നത്. 
 
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘കുഞ്ഞാലിമരക്കാര്‍ 4’ ഉടന്‍ ചിത്രീകരണം ആരംഭിക്കില്ല. തിരക്കഥ പൂര്‍ണമാണെങ്കിലും വന്‍ ബജറ്റില്‍ അത്രയും വലിയൊരു സിനിമ ചെയ്യുന്നതിനാവശ്യമായ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് സമയമെടുക്കും. എല്ലാം പൂര്‍ത്തിയായതിന് ശേഷം ഏറ്റവും പെര്‍ഫെക്ഷനോടെ കുഞ്ഞാലിമരക്കാര്‍ ചിത്രീകരിക്കാനാണ് മമ്മൂട്ടിയും സന്തോഷ് ശിവനും ആലോചിക്കുന്നത്.
 
അതിന്‍റെ പ്രീ പ്രൊഡക്ഷന്‍ നടക്കുമ്പോള്‍ തന്നെ മറ്റൊരു ചെറിയ സിനിമ സംവിധാനം ചെയ്യാനും സന്തോഷ് ശിവന് പദ്ധതിയുണ്ട്. ‘ജാക്ക് ആന്‍റ് ജില്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ലെന്‍സ്‌മാന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ സൌബിന്‍ ഷാഹിര്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കേരളത്തിലും ലണ്ടനിലുമായി ജാക്ക് ആന്‍റ് ജില്‍ ചിത്രീകരിക്കും.
 
ജാക്ക് ആന്‍റ് ജില്‍ പൂര്‍ത്തിയാകുന്ന ഉടന്‍ തന്നെ കുഞ്ഞാലി മരക്കാറിന്‍റെ ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമാസ് പ്ലാന്‍ ചെയ്യുന്നത്. നൂറുകോടി രൂപയോളം ബജറ്റിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ അണിയറയില്‍ ഒരുങ്ങുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍