ആ കഥ സിബി മലയിലിന് ഇഷ്ടമായില്ല, മമ്മൂട്ടിയെ നായകനാക്കി ജോഷി ആ സിനിമയെടുത്ത് വന്‍ ഹിറ്റാക്കി!

തിങ്കള്‍, 17 ജൂണ്‍ 2019 (15:18 IST)
ഓരോ ധാന്യത്തിലും എഴുതിവച്ചിട്ടുണ്ട് അത് കഴിക്കേണ്ടവന്‍റെ പേരെന്ന് ഒരു ചൊല്ലുണ്ട്. സിനിമയുടെ കാര്യത്തില്‍ അത് വളരെയധികം ശരിയാണ്. ‘മഹായാനം’ എന്ന സൂപ്പര്‍ഹിറ്റ് മമ്മൂട്ടിച്ചിത്രത്തിന് പിന്നിലും അത്തരമൊരു കഥയുണ്ട്.
 
ലോഹിതദാസിന്‍റെ മനസില്‍ ‘മഹായാനം’ വളരെനാള്‍ മുമ്പുതന്നെ രൂപപ്പെട്ട ഒരു ത്രെഡാണ്. ഒരാള്‍ തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ മൃതദേഹവുമായി ഒരു നാട്ടിലേക്ക് വരുന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം അയാള്‍ മറ്റൊരു ആത്മബന്ധുവിന്‍റെ മൃതദേഹവുമായി അവിടെനിന്ന് മടങ്ങിപ്പോകുന്നു. ഇതായിരുന്നു സബ്‌ജക്ട്.
 
സിബി മലയിലും ആയി ചേര്‍ന്ന് തന്‍റെ ആദ്യ സിനിമ ചെയ്യാന്‍ തയ്യാറെടുത്ത ലോഹി ഈ കഥ സിബിയോട് പറഞ്ഞു. എന്നാല്‍ സിബിക്ക് ഈ കഥ ഇഷ്ടമായില്ല. പകരം മറ്റ് ചില കഥകള്‍ ആലോചിച്ചു. ഒടുവില്‍ തനിയാവര്‍ത്തനം എന്ന മനോഹരമായ സിനിമ പിറന്നു.
 
എന്നാല്‍ സിബിയോട് ആദ്യം പറഞ്ഞ കഥ ലോഹി ഉപേക്ഷിച്ചില്ല. അത് വളര്‍ത്തി വലുതാക്കി ഒരു തിരക്കഥയാക്കി. പിന്നീട് ജോഷി ഒരു തിരക്കഥ ആവശ്യപ്പെട്ടപ്പോള്‍ ലോഹി ഈ തിരക്കഥ നല്‍കി. അതിന് മഹായാനം എന്ന് പേരിട്ടു. മമ്മൂട്ടി നായകനായി.
 
ജോഷിയുടെ അതുവരെയുള്ള സിനിമാരീതികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു ചിത്രമായിരുന്നു മഹായാനം. ആ സിനിമയിലെ ചന്ദ്രു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ ജീവിക്കുന്നു. മുകേഷ്, സീമ തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച മഹായാനം ബോക്സോഫീസിലും വലിയ വിജയമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍