‘ഞാനും നിങ്ങളും കൂടിച്ചേരുന്ന ഈ നിമിഷം നല്ല സന്ദേശങ്ങൾ പരത്തട്ടെ’ - ആറ്റുകാൽ പൊങ്കാല ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

ബുധന്‍, 13 ഫെബ്രുവരി 2019 (08:54 IST)
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കാപ്പുകെട്ടി ആറ്റുകാലമ്മയെ കുടിയിരുത്തിയതോടെയാണ് പത്ത് ദിവസത്തെ ഉത്സവത്തിന് തുടക്കമായത്. ഉത്സവത്തോടനുബന്ധിച്ചുള്ള കലാസന്ധ്യയുടെ ഉദ്ഘാടനം പദ്മശ്രീ ഭരത് മമ്മൂട്ടി നിർവഹിച്ചു. ആറ്റുകാൽ പൊങ്കാലയെ കുറിച്ച് കേട്ടറിവേ തനിക്കുണ്ടായിരുന്നുള്ളുവെന്ന് മമ്മൂട്ടി ഉദ്ഘാടത്തിനു ശേഷം പറഞ്ഞു. 
 
‘വളരെ സന്തോഷമുണ്ട്. തിരുവനന്തപുരത്ത് അധികം വരാറില്ല. എന്നെ ഇവിടേക്ക് ക്ഷണിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. ഇതുപോലെ ഒരേയൊരു ലക്ഷ്യത്തിലേക്ക് ഒരേയൊരു ആഗ്രഹത്തിലേക്ക് ഇത്രയും ആളുകൾ കൂടുകയും ഇത്രയും മനസ് നിറഞ്ഞ് ദേവിയെ അല്ലെങ്കിൽ ദൈവത്തിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു അവസരം എന്ന് പറയുമ്പോൾ ഏത് ദൈവമാണ് നിങ്ങളെ അനുഗ്രഹിക്കാത്തത്.‘
 
‘എല്ലാം മറന്ന് പരസ്പരം സ്നേഹം മാത്രം പങ്കിടുന്ന മനോഹര നിമിഷങ്ങളാണിത്. ഞാനും നിങ്ങളും കൂടിച്ചേരുന്ന ഈ നിമിഷം ഒരുപാട് നല്ല സന്ദേശങ്ങൾ പരത്തട്ടേയെന്ന് ഞാനാഗ്രഹിക്കുന്നു. മനുഷ്യന്റെ പരസ്പര സ്നേഹത്തിന്റേയും പരസ്പര വിശ്വാസത്തിന്റേയും നിമിഷങ്ങളാകട്ടെ. ഒന്നിന്റേയും അതിർവരമ്പുകളില്ലാതെ മനുഷ്യൻ പരസ്പരം സ്നേഹിക്കുന്ന ഒരു നല്ല നാളുകൾ ഉണ്ടാകട്ടെ.’
 
‘കഴിഞ്ഞ 38 വർഷങ്ങളായി പല രൂപത്തിലും പല ഭാവത്തിലും എന്നെ കാണുന്ന്, സ്നേഹിക്കുന്ന നിങ്ങളോട് ഞാനെന്ത് പറയാനാണ്. ഈ സ്നേഹം തന്നെയാണ് എനിക്കും തിരിച്ചുള്ളത്.’ - മമ്മൂട്ടി പറഞ്ഞവസാനിപ്പിച്ചു. 
 
വൻ കരഘോഷത്തോടെയാണ് മമ്മൂട്ടിയുറ്റെ വാക്കുകളെ ജനങ്ങൾ സ്വീകരിച്ചത്. ജാതിമതഭേദമന്യേ നിരവധിയാളുകളാണ് അദ്ദേഹത്തെ കാണാനായി എത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍