Mammootty: ആര്‍ക്കും എന്നെ വേണ്ടാത്ത അവസ്ഥ, ഞാന്‍ പൂര്‍ണമായി ഒറ്റപ്പെട്ടു; സിനിമയില്‍ നിന്ന് പുറത്താകുമെന്ന ഘട്ടം മമ്മൂട്ടിക്കുണ്ടായിരുന്നു !

വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (09:18 IST)
Mammootty: 1971 ഓഗസ്റ്റ് ആറിനാണ് മമ്മൂട്ടി ആദ്യമായി മുഖം കാണിച്ച 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമ തിയറ്ററുകളിലെത്തുന്നത്. ഊരും പേരുമില്ലാത്ത കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. ഡയലോഗ് പോലും ഇല്ലായിരുന്നു. അവിടെ നിന്നാണ് മമ്മൂട്ടിയെന്ന നടന്റെ വളര്‍ച്ച ആരംഭിക്കുന്നത്. പിന്നീട് മമ്മൂട്ടിയുടെ കരിയര്‍ ഉയര്‍ച്ചയുടെ കൊടുമുടിയില്‍ എത്തി. മമ്മൂട്ടി മലയാളത്തിന്റെ സൂപ്പര്‍താരമായി. ഇതിനിടയില്‍ നിരവധി പ്രതിബന്ധങ്ങളെയും മമ്മൂട്ടിക്ക് നേരിടേണ്ടിവന്നു.
 
1985-86 കാലഘട്ടം മമ്മൂട്ടിക്ക് അഗ്‌നിപരീക്ഷയുടേതായിരുന്നു. തുടര്‍ച്ചയായി മമ്മൂട്ടി ചിത്രങ്ങള്‍ തിയറ്ററുകളില്‍ പരാജയപ്പെട്ടു. ഈ കാലഘട്ടത്തില്‍ താന്‍ അനുഭവിച്ച വേദനകളെ കുറിച്ച് മമ്മൂട്ടി പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ബിബിസിക്ക് വേണ്ടി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇതേ കുറിച്ച് സംസാരിക്കുന്നത്.
 
തന്റെ സിനിമകളില്‍ ആവര്‍ത്തനവിരസത വന്നു തുടങ്ങിയെന്നും കുടുംബപ്രേക്ഷകര്‍ അടക്കം തന്നെ കൈവിട്ടെന്നും മമ്മൂട്ടി പറയുന്നു. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. കുടുംബവേഷങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കാതെയായി. ജനങ്ങള്‍ തന്നെ സ്വീകരിക്കാത്ത അവസ്ഥയായി. സിനിമയില്‍ ഇനിയുണ്ടാകില്ലെന്ന് ഇക്കാലത്ത് തനിക്ക് തോന്നിയിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ താന്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടു തുടങ്ങിയെന്നും അത് ഏറെ വേദനിപ്പിച്ച കാര്യമാണെന്നും മമ്മൂട്ടി ഈ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിനു പിന്നാലെ ജോഷി ചിത്രം ന്യൂഡെല്‍ഹിയാണ് മമ്മൂട്ടിക്ക് പിന്നീട് കരിയര്‍ ബ്രേക്ക് നല്‍കിയത്. ന്യൂഡെല്‍ഹി ഇന്‍ഡസ്ട്രി ഹിറ്റാകുകയും പകര്‍പ്പവകാശം ചോദിച്ച് സാക്ഷാല്‍ രജനികാന്ത് അടക്കം കേരളത്തിലേക്ക് എത്തുകയും ചെയ്തു.
 


തനിക്ക് സിനിമയോടുള്ള അഭിനിവേശത്തെ കുറിച്ചും കരണ്‍ ഥാപ്പറിനു നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി വാചാലനാകുന്നുണ്ട്. അഭിനയത്തോട് തനിക്ക് വല്ലാത്ത ആര്‍ത്തിയാണെന്നും നല്ല കഥാപാത്രങ്ങളും സിനിമയും കിട്ടാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമെന്നുമാണ് മമ്മൂട്ടി പറയുന്നത്. കുട്ടിക്കാലത്ത് ഒരു സിനിമ കണ്ടപ്പോള്‍ ആ സിനിമയിലെ നായകന്‍ കുതിരപ്പുറത്ത് പോകുന്നത് കണ്ടാണ് വലുതാകുമ്പോള്‍ തനിക്കും സിനിമാ നടന്‍ ആകണമെന്ന് മനസില്‍ ആഗ്രഹം പൂവിട്ടതെന്നും മമ്മൂട്ടി പറയുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍