'യെസ് യുവർ ഓണർ, ഞാൻ സാക്ഷിയാണ്'; ഉണ്ണിക്കണ്ണൻ വിജയ്‌യെ കണ്ടുവെന്ന് മമിത ബൈജു

നിഹാരിക കെ.എസ്

ശനി, 10 മെയ് 2025 (10:10 IST)
നടൻ വിജയ്‌യോടുള്ള ആരാധന പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ ആളാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. വിജയ്‌യെ കാണാനായി ഉണ്ണിക്കണ്ണൻ പല വഴികളും നോക്കിയിരുന്നു. ഇതിനിടെ പുതിയ ചിത്രമായ ജനനായകന്റെ സെറ്റിലെത്തി വിജയ്‌യെ കണ്ടുവെന്ന് ഉണ്ണിക്കണ്ണൻ വെളിപ്പെടുത്തുകയും ചെയ്തു. വിജയ്‌ക്കൊപ്പം ഫോട്ടോ എടുത്തതെന്നും ഉണ്ണിക്കണ്ണൻ പറഞ്ഞു. 
 
എന്നാൽ, ഫോട്ടോകളൊന്നും പുറത്തുവരാതെ ആയതോടെ ഉണ്ണിക്കണ്ണനെതിരെ നിരവധി വിമർശനങ്ങളും വന്നിരുന്നു. ഇപ്പോൾ ഉണ്ണിക്കണ്ണൻ വിജയ്‌യെ കണ്ടുവെന്ന് ഉറപ്പിക്കുകയാണ് നടി മമിത ബൈജു. ഉണ്ണിക്കണ്ണൻ തന്നെയാണ് മമിതയുടെ ചാറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'യെസ് യുവർ ഓണർ, ഞാൻ സാക്ഷിയാണ്' എന്നാണ് മമിത കുറിച്ചിരിക്കുന്നത്.
 
'ഈ ലോകത്ത് ഒരു സത്യമുണ്ട്. ആ സത്യം ദൈവമാണ്. വിജയ് അണ്ണനെ കണ്ടില്ലെന്ന് പറഞ്ഞ് എന്നെ ഒരുപാട് നിങ്ങൾ വേദനിപ്പിച്ചു. അതിന് ഈ തിരക്കിനിടയിലും ദൈവത്തെ പോലെ വന്ന് മമിത ബൈജു, അനിയത്തിക്കുട്ടി വന്ന് പറഞ്ഞു. അനിയത്തിക്കുട്ടി അവിടെ ഉണ്ടായിരുന്നു. ഒരുപാട് സന്തോഷം. ഉണ്ണിക്കണ്ണൻ നുണ പറയില്ല. ഞാൻ കാണാൻ പോയത് അപ്പുറത്തുള്ള ആളെയല്ല. ലോകം അറിയുന്ന വിജയ് അണ്ണനെയാണ്', എന്നാണ് ഉണ്ണിക്കണ്ണൻ പുതിയ വീഡിയോയിൽ പറയുന്നത്.
 
വിജയ്‌യുടെ അമ്പതാം പിറന്നാൾ ദിനത്തിൽ പാലക്കാട് നഗരത്തിലൂടെ പ്ലക്കാർഡുമായി നടന്നതും ഗോട്ട് എന്ന സിനിമയുടെ റിലീസ് ദിനത്തിൽ ചിത്രം കാണാൻ വന്നവർക്ക് ഉണ്ണിക്കണ്ണൻ മധുരം നൽകിയതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍