കുഞ്ഞെല്‍ദോയില്‍ നായകനാകേണ്ടിയിരുന്നത് ദുല്‍ഖര്‍; ആസിഫ് അലി എത്തിയത് പിന്നീട്

വ്യാഴം, 23 ഡിസം‌ബര്‍ 2021 (08:53 IST)
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'കുഞ്ഞെല്‍ദോ'. ആസിഫ് അലിയാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, കുഞ്ഞെല്‍ദോയുടെ കഥ ദുല്‍ഖറിനോടാണ് ആദ്യം പറഞ്ഞതെന്നും അദ്ദേഹത്തിനു കഥ ഇഷ്ടമായതാണെന്നും മാത്തുക്കുട്ടി പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖത്തിലാണ് മാത്തുക്കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഈ കഥ ദുല്‍ഖറിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ കഥ ഇഷ്ടമാവുകയും ചെയ്തു. പിനീട് മറ്റു ചില കാരണങ്ങള്‍ കൊണ്ടാണ് അത് വഴി മാറിപോയത്. ഈ സിനിമയുടെ ട്രെയ്ലര്‍ ആദ്യം ഞാന്‍ അയച്ചു കൊടുത്തത് ദുല്‍ഖറിനാണ്. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തത് ദുല്‍ഖര്‍ ആണ്. അങ്ങനെ ഏറെ പ്രാധാന്യമുള്ള വ്യക്തി തന്നെയാണ് ദുല്‍ഖര്‍,' മാത്തുക്കുട്ടി പറഞ്ഞു. 
 
കുഞ്ഞെല്‍ദോ എന്ന കഥാപാത്രത്തിന് പെര്‍ഫെക്റ്റ് മാച്ച് ആസിഫ് അലി ആണെന്നും മാത്തുക്കുട്ടി പറയുന്നു. ടീസറുകളിലൂടെയും പാട്ടുകളിലൂടെയും കണ്ടതിന് അപ്പുറം വളരെ ഇന്റെന്‍സ് ഉള്ള കഥാപാത്രമാണ് കുഞ്ഞെല്‍ദോ. ആസിഫ് അത് വളരെ രസകരമായി തന്നെ അവതരിപ്പിച്ചു. ഫസ്റ്റ് ഹാഫിലെ അയാളുടെ നിഷ്‌കളങ്കതയും സെക്കന്റ് ഹാഫില്‍ അയാള്‍ അനുഭവിക്കുന്ന അനുഭവങ്ങളുടെ തീവ്രതയും ഒരേപോലെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന നടനെയായിരുന്നു വേണ്ടിയിരുന്നത്. ആ അര്‍ത്ഥത്തില്‍ ഏറ്റവും ഇണങ്ങുന്ന നടന്‍ ആസിഫ് അലി തന്നെയാണെന്നും മാത്തുക്കുട്ടി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍