ആ മലയാള സിനിമ കണ്ട് എന്റെ കിളി പറന്നു പോയി, അത്ഭുതപ്പെട്ടു: നാനി

നിഹാരിക കെ.എസ്

ബുധന്‍, 23 ഏപ്രില്‍ 2025 (10:25 IST)
തെന്നിന്ത്യൻ നായകൻ നാനിക്ക് മലയാളത്തിലും നിരവധി ആരാധകരുണ്ട്. നാനിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. മാസ് മസാല ചിത്രങ്ങൾ കളം വാഴുന്ന തെലുങ്ക് സിനിമയിൽ കലാമൂല്യമുള്ള ചിത്രങ്ങൾ എപ്പോഴും തിരഞ്ഞെടുക്കാൻ ശ്രമിക്കുന്ന നടനാണ് നാനി.
നാനിയുടെ സിനിമകൾക്കെല്ലാം മിനിമം ഗ്യാരന്റി ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തനിക്ക് പ്രിയപ്പെട്ട മലയാള സിനിമകളെക്കുറിച്ച് പറയുകയാണ് നാനി.
 
ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സ് ആണെന്നും മഞ്ഞുമ്മൽ ബോയ്സ് കണ്ട് തന്റെ കിളി പറന്നുവെന്നും നാനി പറഞ്ഞു.
ആവേശം, ലൂസിഫർ, കണ്ണൂർ സ്‌ക്വാഡ്, ഭീഷ്മ പർവ്വം തുടങ്ങിയ സിനിമകൾ ഇഷ്ടമായെന്നും എന്നാൽ എമ്പുരാൻ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നും നാനി കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയയ്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നാനി.
 
'നിരവധി തമിഴ്, മലയാളം സിനിമകൾ കണ്ടിട്ടുണ്ട്. ഫേമസ് ആകുന്ന ചിത്രങ്ങൾ ആദ്യകാലത്ത് കാസറ്റിൽ കണ്ടിട്ടുണ്ട്. യോദ്ധ, മണിചിത്രത്താഴ് തുടങ്ങിയ മലയാള സിനിമകളുടെ ഡബ്ബിങ് വേർഷൻ കണ്ടിട്ടുണ്ട്. സുരേഷ് ഗോപിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. എന്റെ മലയാളത്തിലെ പ്രിയപ്പെട്ട സിനിമകളിൽ മുൻപന്തിയിൽ ഉള്ള ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. അതുപോലെ ട്രാൻസ് ഇഷ്ടമാണ്. 
 
മഞ്ഞുമ്മൽ ബോയ്സ് കണ്ട് അത്ഭുതപ്പെട്ടുപോയി. ആവേശം, ലൂസിഫർ എന്നീ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. കണ്ണൂർ സ്‌ക്വാഡും, ഭീഷ്മ പർവ്വവും എനിക്ക് ഇഷ്ടമാണ്. ഇങ്ങനെ എനിക്ക് ഇഷ്മായ ഒരുപാട് മലയാള സിനിമകൾ ഉണ്ട്,' നാനി പറഞ്ഞു.
 
അതേസമയം നാനിയുടെ ഹിറ്റ് 3 മെയ് ഒന്നിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കെ.ജി.എഫ് നായിക ശ്രീനിധിയാണ് നായിക. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍