മോഹൻലാൽ നിങ്ങളെ കാണാൻ ജോക്കറിനെപ്പോലെയുണ്ട്: കെആർകെ

വ്യാഴം, 20 ഏപ്രില്‍ 2017 (07:47 IST)
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ കഴിഞ്ഞ ദിവസം ചോട്ടാഭീം എന്ന് വിളിച്ച് പരിഹസിച്ച ബോളിവുഡ് നടൻ കമാൽ ആർ ഖാൻ എന്ന കെആർകെയെ മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും ആരാധകർ പൊങ്കാല ഇട്ടിരുന്നു. 
 
എന്നാല്‍ മലയാളികള്‍ ഇത്രയും രാഷം കൊള്ളുന്നത് എന്തിനെന്ന് മനസിലായിട്ടില്ല എന്ന് കെആര്‍കെ പറയുന്നു. മണിക്കൂറുകള്‍ക്ക് ശേഷം വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. പ്രതികരണം വീണ്ടും മോശമായ രീതിയിൽ ആണെന്ന് മാത്രം. മോഹൻലാൽ എന്ന നടനെ വീണ്ടും പരിഹസിക്കുകയാണ് കെആർകെ.
 
മലയാളികള്‍ രാവിലെ മുതല്‍ എന്നെ അധിക്ഷേപിക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. മോഹന്‍ലാല്‍ സര്‍, രാം ഗോപാല്‍ വര്‍മ്മയുടെ ചില സിനിമകളിലൂടെയാണ് എനിക്ക് നിങ്ങളെ പരിചയം. ആ സിനിമകളില്‍ നിങ്ങളെ കാണാന്‍ ഒരു ജോക്കറിനെപ്പോലെ ഉണ്ടായിരുന്നു. ശരിക്കും നിങ്ങള്‍ എന്താണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ പുലര്‍ച്ചെ മുതല്‍ എന്നെ അവഹേളിക്കുന്നത്? ഇത് ശരിയല്ല സര്‍. എന്നാണ് കെ ആർ കെ രണ്ടാമത് ട്വീറ്റ് ചെയ്തത്.
 
'മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നും വെറുതെ നിര്‍മ്മാതാവിന്റെ കാശ് കളയണോ' എന്നായിരുന്നു ആദ്യത്തെ ട്വീറ്റ്. ഇതെന്തൊരു മനുഷ്യനാണ് എന്നാണ് ഇപ്പോൾ മലയാളികൾ തന്നെ ചോദിയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക