King of Kotha Review Live Updates: ആദ്യ പകുതി ശരാശരിയോ? ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്ത തിയറ്ററുകളില്‍

വ്യാഴം, 24 ഓഗസ്റ്റ് 2023 (09:11 IST)
King of Kotha Review Live Updates: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഗ്യാങ്‌സ്റ്റര്‍ മൂവി കിങ് ഓഫ് കൊത്ത തിയറ്ററുകളില്‍. വേള്‍ഡ് വൈഡായി 2500 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുന്നത്. മിക്കയിടത്തും ആദ്യ ഷോ പുരോഗമിക്കുകയാണ്. ആദ്യ പകുതിയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇങ്ങനെ: 
 
' ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ സാങ്കേതിക തികവുള്ള ഒരു ഗ്യാങ്‌സ്റ്റര്‍ ഡ്രാമയാണ് കിങ് ഓഫ് കൊത്തയെന്ന് പറയാം. വളരെ പതുക്കെയാണ് ചിത്രം കഥ പറയുന്നത്. പ്രവചനീയമായ രീതിയിലാണ് ആദ്യ പകുതിയുടെ കഥ പറച്ചില്‍. ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന അനുഭവമാണ് ആദ്യ പകുതിയുടേത്. രണ്ടാം പകുതിയില്‍ കഥ പറച്ചില്‍ കൂടുതല്‍ ചടുലമാകുമെന്ന് പ്രതീക്ഷിക്കുന്നു.' ആദ്യ പകുതിക്ക് ശേഷം ഒരു പ്രേക്ഷകന്‍ കുറിച്ചു. 
 
'കൊത്ത എന്ന ക്രിമിനല്‍ നഗരത്തിലെ മനുഷ്യരുടെ ചരിത്രം പറയുന്നതിനാണ് ആദ്യ പകുതി പ്രാധാന്യം നല്‍കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനം തന്നെയാണ് ആദ്യ പകുതിയില്‍ പ്രക്ഷകരെ തൃപ്തിപ്പെടുത്തുന്നത്. ഒരു മാസ് എന്റര്‍ടെയ്‌നര്‍ എന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരു ഗ്യാങ്‌സ്റ്റര്‍ ഡ്രാമയെന്ന് ചിത്രത്തെ വിശേഷിപ്പിക്കാം,' 
 
' തരക്കേടില്ലാത്ത ഒരു സിനിമാ അനുഭവം നല്‍കാന്‍ കിങ് ഓഫ് കൊത്തയ്ക്ക് സാധിച്ചിട്ടുണ്ട്. തൃപ്തിപ്പെടുത്തുന്ന ഒരു ഗ്യാങ്‌സ്റ്റര്‍ മാസ് പടം. ദുല്‍ഖറിന്റെ കരിസ്മാറ്റിക് പ്രകടനമാണ് പടത്തിന്റെ ബലം. കഥയില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും സംവിധായകന്‍ ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിച്ച രീതി സിനിമയെ ശരാശരിക്ക് മുകളില്‍ നിര്‍ത്തുന്നു. ബോക്‌സ്ഓഫീസില്‍ വിജയിക്കാന്‍ ആവശ്യമായ ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. ഷബീര്‍ കല്ലറയ്ക്കല്‍, നൈല ഉഷ എന്നിവരുടെ പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്,' മറ്റൊരു പ്രേക്ഷകന്‍ കുറിച്ചു. 
 
അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം ജേക്‌സ് ബിജോയ്. നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തുന്നു. മലയാളത്തിലെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ കിങ് ഓഫ് കൊത്ത തകര്‍ക്കുമെന്നാണ് ആദ്യ മണിക്കൂറുകളിലെ റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍