എമ്പുരാന്റെ വന്‍ വിജയത്തിന് പിന്നാലെ നോബഡി എന്ന ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പൂജ നടന്നത്. ഇതിനിടെ പൃഥ്വിരാജിന്റെ അടുത്ത ബോളിവുഡ് പടത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കരീന കപൂർ പൃഥ്വിരാജിന്റെ നായികയാകുമെന്നും റിപ്പോർട്ടുണ്ട്. കരീന കപൂറിനൊപ്പമുള്ള പൃഥ്വിരാജിന്റെ ഒരു വീഡിയോയാണ് ഇതിന് കാരണം.
കരീനയ്ക്ക് പിന്നാലെ ഒരു കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന പൃഥ്വിരാജിനെയാണ് വീഡിയോയില്‍ കാണാനാവുക. ഇരുവരും ഒരേ നിറത്തിലുള്ള ഔട്ട്ഫിറ്റുകള്‍ ധരിച്ചതിനാല്‍ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള വീഡിയോയാണിത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇരുവരും പുതിയ ചിത്രത്തിന്റെ ചർച്ചയിലാണെന്നും ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ഇറങ്ങിവരുന്നതാണെന്നുമൊക്കെ പ്രചാരണം നടന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സംവിധായിക മേഘ്‌ന ഗുല്‍സാര്‍ കരീനയെയും പൃഥ്വിരാജിനെയും വച്ച് സിനിമ എടുക്കാന്‍ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ദായ്‌റാ എന്ന ചിത്രമാണ് മേഘ്‌ന ഒരുക്കാനിരുന്നത്. അതിനാല്‍ താരങ്ങള്‍ ദായ്‌റായുടെ ഷൂട്ടിലാണ് എന്ന ക്യാപ്ഷനുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇത് സിനിമ ഷൂട്ടിങ് സെറ്റോ, ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയോ അല്ല, മക്കളുടെ സ്‌കൂളില്‍ പാരന്റ്സ് മീറ്റിങോ മറ്റോ കഴിഞ്ഞ് മടങ്ങുന്നതാണെന്ന കമന്റകളും വീഡിയോക്ക് താഴെ എത്തുന്നുണ്ട്.
അതേസമയം, റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡിയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പാർവതി തിരുവോത്താണ് നായിക. ഇരുവരെയും കൂടാതെ അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.