മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ ദിനം 2.80 കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. ആദ്യ വീക്കെന്‍ഡില്‍ ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് നേര് ടീമിന്റെ പ്രതീക്ഷ.
അതേസമയം ഈ വര്‍ഷത്തെ മറ്റൊരു വിജയ ചിത്രമായ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിനെ നേര് മറികടക്കുമോ? ആദ്യ ദിന കളക്ഷനില്‍ കണ്ണൂര്‍ സ്‌ക്വാഡിനേക്കാള്‍ 40 ലക്ഷം കൂടുതല്‍ കളക്ട് ചെയ്യാന്‍ നേരിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ബുക്ക് മൈ ഷോയില്‍ കണ്ണൂര്‍ സ്‌ക്വാഡിനായിരുന്നു ആധിപത്യം. റിലീസിനു ശേഷമുള്ള ദിവസങ്ങളില്‍ മണിക്കൂറില്‍ എണ്ണായിരത്തിനും ഒന്‍പതിനായിരത്തിനും ഇടയിലാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ടിക്കറ്റുകള്‍ വിറ്റു പോയത്. നേരിന്റെ കാര്യത്തിലേക്ക് വന്നാല്‍ അത് മണിക്കൂറില്‍ ആറായിരത്തിനും ഏഴായിരത്തിനും ഇടയിലാണ്. ഷോകളുടെ എണ്ണം കൂടുതല്‍ ആയതിനാലാണ് ആദ്യ ദിനത്തില്‍ നേരിന് കണ്ണൂര്‍ സ്‌ക്വാഡിനെ മറികടക്കാന്‍ സാധിച്ചത്.
ബോക്‌സ്ഓഫീസില്‍ നിന്ന് 50 കോടി ഉറപ്പായും കളക്ട് ചെയ്യാന്‍ നേരിന് സാധിക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. ക്രിസ്മസ് അവധി ദിനങ്ങള്‍ കൂടിയായതിനാല്‍ സിനിമയ്ക്ക് കുടുംബ പ്രേക്ഷകരുടെ തിരക്കുണ്ടാകും. അതേസമയം പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സലാറും തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഈ ചിത്രത്തിനും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ട്.