കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം; ആലോചനകള്‍ തുടങ്ങി, വേണ്ടത് മമ്മൂട്ടിയുടെ സമ്മതം

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2023 (12:25 IST)
ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് നൂറ് കോടി കടന്നിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിന്റെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ സംവിധായകന്‍ റോബി വര്‍ഗീസ് രാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം ഭാഗത്തിനായുള്ള ആലോചനകളിലാണെന്ന് റോബി പറഞ്ഞു. 
 
മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്നാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് നടത്തുന്ന മറ്റൊരു ഇന്‍വസ്റ്റിഗേഷന്‍ ആയിരിക്കും രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം. രണ്ടാം ഭാഗത്തിനായി ഒന്നുരണ്ട് ത്രെഡുകള്‍ കൈവശമുണ്ടെന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റോണി ഡേവിഡ് രാജ് നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ സമ്മതം കൂടി ലഭിച്ച ശേഷമായിരിക്കും രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. 
 
ബോക്സ്ഓഫീസില്‍ നിന്ന് 82 കോടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് കളക്ട് ചെയ്തത്. ആഗോള ബിസിനസില്‍ ചിത്രം 100 കോടി നേടുകയും ചെയ്തു. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങള്‍ എല്ലാം ചേര്‍ത്താണ് ചിത്രത്തിന്റെ ബിസിനസ് നൂറ് കോടി കടന്നത്. 
 
എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, കിഷോര്‍ കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article