'പണി' സിനിമയ്ക്കു നെഗറ്റീവ് റിവ്യു എഴുതിയ യുവാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽവ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ ജോജു ജോര്‍ജ്. തന്‍റെ സിനിമയെ പറ്റി മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്റെ പേരിലാണ് റിയാക്ട് ചെയ്തതെന്നും ജോജു വിശദീകരണ വീഡിയോയിൽ പറയുന്നു. താൻ യുവവൈനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജോജു പറയുന്നുണ്ട്.
'എന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്‍റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. ആ സിനിമയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്കിയാലേ അറിയില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലല്ല ഞാൻ ഇയാളെ വിളിച്ചത്. മനഃപൂർവം ഇങ്ങനെ ചെയ്തതുകൊണ്ടാണ് അയാളെ വിളിച്ച് സംസാരിച്ചത്.
നിയമപരമായി ഇക്കാര്യത്തിൽ ഞാൻ മുന്നോട്ടുപോകും. എന്റെ ജീവിതമാണ് സിനിമ, കോടികൾ മുടക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. ഒരു സിനിമയുടെ കഥയിലെ സ്പോയിലർ പ്രചരിപ്പിക്കുകയാണ് ഇയാൾ ചെയ്തത്. ഞങ്ങളുടെ ജീവിത പ്രശ്നമാണിത്. അതുകൊണ്ടാണ് പ്രതികരിച്ചത്', ജോജു പറയുന്നു.
'നിന്നെ ഞാന്‍ കാണിക്കിണ്ട്. നിനക്ക് ധൈര്യമുണ്ടോടാ എന്റെ മുന്നില്‍ വന്നു നില്‍ക്കാന്‍. നാളെ നീ എവിടെയുണ്ടാകും. സിനിമയില്‍ റേപ്പ് സീന്‍ എങ്ങനെയാണ് പിടിക്കേണ്ടതെന്ന് നീയൊന്ന് എനിക്ക് പഠിപ്പിച്ചു തരണം. ഞാന്‍ നിന്റെ അടുത്തേക്ക് വരാം. നീ എല്ലാദിവസവും ഓര്‍ത്തിരുന്നാല്‍ മതി എന്നെ. ഞാന്‍ പ്രൊവോക്ക്ഡ് ആയിട്ട് നീ കണ്ടിട്ടുണ്ടോ? ഞാന്‍ പ്രൊവോക്ക്ഡ് ആയാല്‍ നീ മുള്ളിപ്പോകും,' എന്നൊക്കെയായിരുന്നു ജോജു ഫോണിലൂടെ യുവാവിനോടു പറഞ്ഞത്.