ആരാധകരെ നിരാശയിലാഴ്ത്താതെയുള്ള ഒരു ഇൻട്രോ, അതാണ് പ്രണവ് മോഹൻലാൽ ലക്ഷ്യമിടുന്നത്. പ്രണവ് എന്ന താരപുത്രനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങിപുറപ്പെട്ട സംവിധായകൻ ജീത്തു ജോസഫ് ചിലതെല്ലാം പ്ലാൻ ചെയ്തു തന്നെയാണ് പ്രണവിനെ തിരഞ്ഞെടുത്തതെന്ന് വ്യക്തം. ത്രില്ലറിന് വേറൊരു സ്റ്റൈൽ സമ്മാനിച്ച സംവിധായകനാണ് ജീത്തു. അപ്പോൾ പ്രണവിന്റെ അരങ്ങേറ്റം ഒട്ടും മോശമായിരിക്കില്ലെന്ന കാര്യം ഉറപ്പായി കഴിഞ്ഞു.
ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നുമൊക്കെയുള്ള അവസരങ്ങള്‍ മാറ്റി നിര്‍ത്തിയാണ് പ്രണവ് ജീത്തു ജോസഫ് ചിത്രമേറ്റെടുത്തതെന്ന് മോഹൻലാൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന് വേണ്ടി പാര്‍ക്കൗര്‍ പരിശീലനം നടത്തുകയാണ് താരപുത്രന്‍. ഓടിയും ചാടിയും മലക്കം മറിഞ്ഞും പ്രണവ് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറാനുള്ള പരിശീലനത്തിലാണ്. ഫ്രഞ്ച് സൈന്യം രൂപകല്‍പന ചെയ്ത കായിക പരിശീലനമാണ് പാര്‍ക്കൗര്‍ അഥവാ ഫ്രീ റണ്ണിങ്. മുന്നിലുള്ള തടസ്സങ്ങളെയെല്ലാം മറികടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതാണ് പാർക്കൗർ.
ഹോളിവുഡ് ചിത്രങ്ങളായ ഡിസ്ട്രിക്റ്റ്‌സ് 13, കാസിനോ റോയല്‍ തുടങ്ങിയ സിനിമകളില്‍ ഈ പരിശീലനത്തിനധിഷ്ഠിതമായ രംഗങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൃത്യമായ പരിശീലനത്തിന്റെ സഹായത്തോടെ മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഓട്ടവും ചാട്ടവും തടസ്സങ്ങള്‍ മറികടക്കലുമെല്ലാം ഉള്ളതിനാല്‍ ശരീരത്തിലെ എല്ലാ മസിലുകള്‍ക്കും വ്യായാമം ലഭിയ്ക്കും. ഒരു കളിയുടെ മൂഡ് ഉള്ളതിനാല്‍ ജിമ്മിലെ സ്ഥിരം പരിശീലനത്തിന്റെ വിരസതയില്‍ നിന്ന് രക്ഷപ്പെടാം എന്നത് ഒരു പ്ലസ് പോയിന്റ് തന്നെ.