'സിദ്ദിഖിന് ബാത്ത്‌റൂമില്‍ പോകണം'; സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കയറി സുഹൃത്തിനെ നാണംകെടുത്തിയ ജയറാം, രസകരമായ സംഭവം ഇങ്ങനെ

ചൊവ്വ, 28 ഡിസം‌ബര്‍ 2021 (09:13 IST)
സിനിമയ്ക്ക് പുറത്തും വളരെ അടുത്ത സുഹൃത്തുക്കളാണ് ജയറാമും സിദ്ദിഖും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. പൊതു വേദികളില്‍ പരസ്പരം കൗണ്ടറുകള്‍ കൊണ്ട് മത്സരിക്കാനും ഇരു താരങ്ങളും മിടുക്കന്‍മാരാണ്. തന്നെ ജയറാം നാണംകെടുത്തിയ ഒരു സംഭവത്തെ കുറിച്ച് സിദ്ദിഖ് ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു യാത്രയ്ക്കിടെ തനിക്ക് വയറിന് അസ്വസ്ഥത തോന്നിയെന്നും ബാത്ത്റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജയറാം ചെയ്തത് വല്ലാത്തൊരു ചെയ്ത്തായി പോയെന്നും സിദ്ദിഖ് പറയുന്നു. ജയറാം കൂടി നില്‍ക്കുന്ന വേദിയില്‍ വച്ചാണ് പഴയ സംഭവം സിദ്ധിഖ് ഓര്‍ത്തെടുത്തത്. സിദ്ദിഖ് പറയുന്നത് കേട്ട് ഒരു കള്ളച്ചിരി പാസാക്കുകയാണ് ജയറാം ചെയ്തിരുന്നത്.
 
സിദ്ദിഖിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഒരു യാത്രയ്ക്കിടെ എനിക്ക് വയറിന് വല്ലാത്തൊരു അസ്വസ്ഥത തോന്നി. ജയറാമാണ് കാര്‍ ഓടിക്കുന്നത്. എനിക്ക് വയറിന് അസ്വസ്ഥത തോന്നുന്നുണ്ടെന്നും ഒന്ന് ബാത്ത്റൂമില്‍ പോയാല്‍ കൊള്ളാമെന്നും ജയറാമിനോട് പറഞ്ഞു. 'പിന്നെന്താ' എന്ന മനോഭാവമായിരുന്നു ജയറാമിന്. ഒരു വീടിന്റെ അടുത്ത് കൊണ്ടുപോയി ജയറാം കാര്‍ നിര്‍ത്തി. അവിടെയാണെങ്കില്‍ നിറയെ പെണ്ണുങ്ങള്‍. ഞാന്‍ സിനിമയില്‍ വന്നിട്ടേ ഉള്ളൂ. ഇന്‍ ഹരിഹര്‍ നഗറിനെല്ലാം മുന്‍പാണ്. എന്നെ ആര്‍ക്കും അറിയില്ല. എന്നാല്‍, ജയറാമിനെ എല്ലാര്‍ക്കും അറിയാം. താരമായി ഉയര്‍ന്നുവന്ന സമയമാണ്. ഇത് എന്റെ സുഹൃത്താണ്, ഇവന്റെ വയറിന് ഒരു അസ്വസ്ഥത. ഒന്ന് ബാത്ത്റൂമില്‍ പോകണമെന്ന് ആ പെണ്ണുങ്ങളോട് ജയറാം പറഞ്ഞു. ഞാന്‍ ആകെ നാണംകെട്ടു. ഏയ്, എനിക്ക് കുഴപ്പമൊന്നും ഇല്ല എന്ന് ഞാന്‍ പറഞ്ഞു. നീയല്ലേ, ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞത്, ഇല്ലേല്‍ എന്റെ കാറൊക്കെ വൃത്തികേടാക്കും നീ..എന്ന് ജയറാം പറഞ്ഞു. അങ്ങനെ എന്നെ ആ പെണ്ണുങ്ങളുടെ മുന്‍പില്‍വച്ച് നാണം കെടുത്തി ജയറാം,' സിദ്ദിഖ് പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍