തമിഴകം മാത്രമല്ല കേരളക്കരയും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന് അടുത്തിടെ ഒരു സിനിമ റിലീസ് ചെയ്തു. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ കബാലിയെന്ന ബ്രഹ്മാണ്ഡ ചിത്രം. അതിനു ദിവസങ്ങൾക്ക് മുൻപ് ഒരു ബോളിവുഡ് ചിത്രവും റിലീസ് ചെയ്തു. സൽമാൻ ഖാന്റെ സുൽത്താൻ. ഈ രണ്ടു ചിത്രങ്ങൾക്കും കേരളത്തിൽ വൻ വരവേൽപ്പായിരുന്നു നൽകിയത്. കബാലി വന്നപ്പോൾ അതുവരെ നല്ല രീതിയിൽ ഓടിക്കൊണ്ടിരുന്ന മലയാള ചിത്രങ്ങൾക്ക് പണി കിട്ടിയിരുന്നതായി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.
വൻ അന്യഭാഷാ ചിത്രങ്ങൾ വരുമ്പോഴെല്ലാം ആദ്യ പ്രഹരം നമ്മുടെ സിനിമയ്ക്കാണ്.
മലയാള സിനിമയ്ക്കു ഈ ഇട്ടാവട്ടം മാത്രമാണു മാർക്കറ്റ്. അപ്പോൾ നന്നായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമെങ്കിലും നിലനിർത്തണ്ടെ ?എത്രയോ പ്രതിസന്ധികൾ മറികടന്നാണു ഇന്നൊരു സംവിധായകൻ ഒരു ചിത്രം തിയേറ്ററിലെത്തിക്കുന്നത്.
നിർമ്മാതാക്കളുടെ എണ്ണം കുറവ്, പഴയ പോലെ സാറ്റലൈറ്റില്ല, വിപണി മൂല്യമുള്ള നടന്മാരുടെ എണ്ണം കുറവ്, അവരുടെ ഡേറ്റ് ലഭിക്കാനുള്ള പ്രയാസം, കാത്തിരിപ്പ്, ഇതിനിടയിൽ സംവിധായകന്‍റെ വ്യക്തിജീവിതവും ദുരന്തമായിട്ടുണ്ടാവും. അതൊക്കെ കടന്നു ചിത്രം തിയേറ്ററിലെത്തുമ്പോഴാണ് കബാലികൾ പടയുമായി വരുന്നത്. അത്തരം അന്യഭാഷാചിത്രങ്ങളോടു തികഞ്ഞ ആദരവു സൂക്ഷിച്ചു കൊണ്ടു പറയട്ടെ - സ്വന്തം സിനിമയ്ക്കു കൊരണ്ടിപ്പലകയെങ്കിലും ഇട്ടു കൊടുത്തിട്ടു വേണം, ആ ചിത്രങ്ങൾക്ക് സിംഹാസനം ഒരുക്കാൻ.