ഹാപ്പി വെഡ്ഡിങ് 2; ആരാധകര്‍ക്ക് സന്തോഷവും ഒപ്പം സംശയങ്ങളും പകര്‍ന്ന് ഒമര്‍ ലുലു

തിങ്കള്‍, 21 മെയ് 2018 (13:06 IST)
ഹിറ്റ് സിനിമകളുടെ സംവിധായകാനാകാന്‍ ഒരുങ്ങുകയാണ് ഒമര്‍ ലുലു. ആദ്യ ചിത്രം ഹാപ്പി വെഡ്ഡിങ് സമ്മാനിച്ച അത്ഭുതാവഹമായ വിജയം പകര്‍ന്ന ഊര്‍ജ്ജത്തില്‍ നിന്നും രണ്ടാമത്തെ സംരഭമായ ചങ്ക്സും ബോക്‌സ് ഓഫീസില്‍ തരംഗമാക്കാന്‍ ഒമറിനായി. 
 
രണ്ട് ചിത്രങ്ങളും പണം വാരിയതോടെ യുവാക്കളുടെ മനസറിഞ്ഞ സംവിധായകനെന്ന ലേബലും ഒമറിനു വീണു. ഇതോടെയാണ് വീണ്ടും ഒരുകൂട്ടം ചെറുപ്പക്കാരെ ക്യാമറയ്‌ക്ക് മുന്നിലെത്തിച്ച് ‘ഒരു അഡാർ ലവ്‘ എന്ന ചിത്രം അദ്ദേഹം അണിയിച്ചൊരുക്കിയത്. സിനിമ തിയേറ്ററുകളില്‍ എത്തുന്നതിനു മുമ്പെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‌തു. 
 
ഇതിനു പിന്നാലെ ഹാപ്പി വെഡ്ഡിങിന്റെ മികച്ച വിജയം തുടരാന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഒമര്‍ ലുലു പ്രഖ്യാപിച്ചതോടെ ആരാധകരിലും സംശയങ്ങള്‍ നിറയുകയാണ്. ആദ്യ ഭാഗത്തിലെ അതേ താരങ്ങളായിരിക്കും രണ്ടാം ഭാഗത്തിലുമെന്ന് സൂചനയുണ്ടെങ്കിലും സിനിമാ എപ്പോഴാണ് പുറത്തിറങ്ങുക എന്നതാണ് ആരാധകരുടെ ഉന്നയിക്കുന്ന ചോദ്യം.
 
ഒരു അഡാർ ലവി'ന് ശേഷം 'പവർസ്‌‌റ്റാർ' എന്ന ചിത്രമാണ് ഒമർ പ്രഖ്യാപിച്ചിരുന്നത്. ഇതിന് ശേഷമായിരിക്കും ഹാപ്പി വെഡ്ഡിംഗിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. അഡാർ ലവ് പോലും തിയേറ്ററുകളില്‍ എത്താത്ത സാഹചര്യത്തില്‍ ഹാപ്പി വെഡ്ഡിംഗ് സെക്കന്‍ഡ് പുറത്തിറങ്ങുന്നത് ഏറെ വൈകും. ഇതാണ് ആരാധകരുടെ സംശയങ്ങള്‍ക്ക് കാരണം. 
 
സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘ഒരു അഡാര്‍ ലാവ്”ന്റെ നിര്‍മ്മാതാവായ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് ഹാപ്പി വെഡ്ഡിങ് രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാതാവ് എന്നാണ് ഒമര്‍ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. അഡാറ് ലവ് ബോക്‍സ് ഓഫീസില്‍ തരംഗം തീര്‍ത്താല്‍ ഹാപ്പി വെഡ്ഡിംഗിന്റെ രണ്ടാം ഭാഗം കൂടുതല്‍ കളര്‍‌ഫുള്ളാകുമെന്നുമുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഇതാണ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്ത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍